തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കി. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറില്‍ (പുലര്‍ച്ചെ നാലിന് പ്രഖ്യാപിച്ചത്) തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. നാളെ വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബര്‍ 24 മുതല്‍ 25 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതെത്തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്. മധ്യ ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഒക്ടോബര്‍ 21 ഓടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യുനമര്‍ദ്ദമായും തുടര്‍ന്ന് ഒക്ടോബര്‍ 23 ഓടുകൂടി തീവ്ര ന്യുനമര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.