ബത്തേരി: ലോകസഭ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. സഹോദനും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിക്കൊപ്പം വൈകുന്നേരത്തോടെ പ്രിയങ്ക മണ്ഡലത്തിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മൈസൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് ഇരുവരും ബത്തേരിയില്‍ എത്തുക. നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. പ്രിയങ്കയെ സ്വീകരിക്കാന്‍ വലിയ ഒരുക്കങ്ങളാണ് യു.ഡി.എഫ് നടത്തിയിത്.
സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും നാളെ വയനാട്ടിലെത്തുന്നുണ്ട്. രണ്ട് കിലോമീറ്റര്‍ റോഡ്‌ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമര്‍പ്പണം. വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് മുന്‍പാകെ പന്ത്രണ്ടോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 10 ദിവസം പ്രിയങ്ക മണ്ഡലത്തില്‍ പ്രചാരണം നടത്തും.
അതേസമയം പരമാവധി പ്രവര്‍ത്തകരെ സംഘടിപ്പിച്ച് നാളത്തെ റോഡ് ഷോ വന്‍വിജയമാകാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.