മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യ-റഷ്യ സൗഹൃദബന്ധം ഉറച്ചതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വീണ്ടും കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പുടിന്‍ പറഞ്ഞു. പരസ്പരം ആലിംഗനം ചെയ്താണ് ഇരുനേതാക്കളും സൗഹൃദം പങ്കിട്ടത്. പതിനാറാമത് ബ്രികസ് ഉച്ചകോടിക്കായി റഷ്യയിലെത്തിയതായിരുന്നു പ്രധാനമന്ത്രി.
കൂടിക്കാഴ്ചയില്‍ ഉക്രെയ്ന്‍ സംഘര്‍ഷവും ചര്‍ച്ചയായി. ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യ മുന്‍കൈ എടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കപ്പെടുമെന്ന് വിശ്വാസമുണ്ടെന്നും സമാധാനം പുനസ്ഥാപിക്കുന്നതിനായി ഇന്ത്യയുടെ ഭാഗത്ത് നിന്നും എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം റഷ്യ-ഇന്ത്യ ബന്ധം വിശിഷ്ടമാണെന്നും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം ദൃഢപ്പെടുത്തുന്നതിന് ഇന്ത്യ നല്‍കുന്ന പിന്തുണയ്ക്ക് സന്തോഷമുണ്ടെന്നും പുടിന്‍ അറിയിച്ചു. ബ്രിക്സ് ഉച്ചകോടിയുടെ അവസാനത്തില്‍ കാസന്‍ പ്രഖ്യാപനവും ഉണ്ടാകുമെന്ന് പുടിന്‍ പറഞ്ഞു. പ്രഖ്യാപനത്തില്‍ പുതിയ അഞ്ച് ബ്രിക്സ് അംഗങ്ങളെ കൂടി ചേര്‍ക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി റഷ്യയില്‍ എത്തുന്നത്. ജൂലൈ 22 ന് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിക്ക് പരമോന്നത ബഹുമതി നല്‍കി റഷ്യ ആദരിച്ചിരുന്നു. ഇന്ത്യക്കും റഷ്യക്കും പുറമെ ബ്രസീല്‍, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
മൂന്ന് മാസത്തിനിടയിലെ രണ്ടാം സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുളള ആഴത്തിലുളള സൗഹൃദവും അടുത്ത സഹകരണവുമാണ് വ്യക്തമാക്കുന്നതെന്ന് മോഡി പറഞ്ഞു. ജൂലൈയില്‍ നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് ഓര്‍മ്മിപ്പിച്ച പുടിന്‍ എല്ലാ അവസരങ്ങളിലും നല്ല ചര്‍ച്ചകളാണ് നടന്നിട്ടുളളതെന്നും ചൂണ്ടിക്കാട്ടി. തന്റെ ക്ഷണം സ്വീകരിച്ച് കാസനില്‍ എത്തിയതിന് മോഡിക്ക് പുടിന്‍ നന്ദി പറഞ്ഞു.