വയനാട് കുടുംബത്തിന്റെ ഭാഗമാകാൻ സാധിക്കുന്നത് ഭാഗ്യമെന്ന് പ്രിയങ്ക ​ഗാന്ധി; വയനാടിനെ ഇളക്കിമറിച്ച് റോഡ് ഷോ

വയനാട് കുടുംബത്തിന്റെ ഭാഗമാകാൻ സാധിക്കുന്നത് ഭാഗ്യമെന്ന് പ്രിയങ്ക ​ഗാന്ധി; വയനാടിനെ ഇളക്കിമറിച്ച് റോഡ് ഷോ

കൽപറ്റ: പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കം ആഘോഷമാക്കാൻ വയനാട്ടിലെ കോൺഗ്രസ് പ്രവർത്തകർ. വമ്പൻ റോഡ് ഷോയോടെ പ്രിയങ്ക ​ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. റോഡ് ഷോയ്ക്കായി പ്രിയങ്കയും രാഹുലും സോണിയയും എത്തിയിരുന്നു. വെയിലും ചൂടും വകവയ്ക്കാതെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് റോഡ് ഷോയിൽ പങ്കെടുക്കാൻ എത്തിയത്. പൂക്കൾ വിതറിയാണ് നേതാക്കളെ പ്രവർത്തകർ സ്വീകരിച്ചത് ‘വയനാടിന്റെ പ്രിയങ്കരി’ എന്ന ബാനറുകളാണ് എല്ലായിടത്തും നിറഞ്ഞത്. നിറഞ്ഞ കരഘോഷത്തോടെയാണ് പ്രിയങ്കയുടെ വാക്കുകൾ വയനാട് കേട്ടത്.

‘‘അച്ഛൻ രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും വേണ്ടി 35 വർഷത്തോളം പ്രചാരണം നടത്തി. ആദ്യമായാണ് എനിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്. ഈ അവസരത്തിന് ഖർഗെയോടും കോൺഗ്രസിനോടും നന്ദി പറയുന്നു. ഞാൻ ചൂരൽമലയും മുണ്ടക്കെയും സന്ദർശിച്ചു. എല്ലാം നഷ്ടമായവരെ അവിടെ കണ്ടു. എല്ലാവരും പരസ്പരം പിന്തുണ നൽകി. വയനാട്ടുകാരുടെ ധൈര്യം ആഴത്തിൽ സ്പർശിച്ചു. വയനാട് കുടുംബത്തിന്റെ ഭാഗമാകാൻ സാധിക്കുന്നത് ഭാഗ്യവും ആദരവുമാണ്. അധികാരം നൽകിയർ അധികാരം വിദ്വേഷം പ്രചരിപ്പിക്കുന്നു’’ – പ്രിയങ്ക ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു.

ഇന്ന് രാവിലെ പത്തരയോടെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കണ്ണൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തിയിരുന്നു. പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് അരങ്ങേറ്റം അതിഗംഭീരമാക്കാൻ പ്രവർത്തകർ സജ്ജമാണ്. വിവിധ ജില്ലകളിൽ നൂറ് കണക്കിന് പ്രവർത്തകരാണ് കൽപ്പറ്റയിൽ എത്തിയത്. കൽപറ്റ ന്യൂ ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് ഷോ തുടങ്ങി. സമാപന വേദിയിൽ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യും. പ്രിയങ്ക ഇന്നലെ തന്നെ വയനാട് എത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.