തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാല വി.സി സ്ഥാനത്തേക്ക് പുനര്‍ നിയമനത്തിന് അംഗീകാരം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരുമായുള്ള ഭിന്നത തുടരുന്നതിനിടെ ഡോ. മോഹനന്‍ കുന്നമ്മലിനാണ് ആരോഗ്യ സര്‍വകലാശാലാ വി.സിയായി പുനര്‍നിയമനം നല്‍കി ഗവര്‍ണറുടെ അപ്രതീക്ഷിത നീക്കം. കേരള സര്‍വകലാശാലാ വി.സിയുടെ അധിക ചുമതലയിലും മോഹനന്‍ കുന്നുമ്മല്‍ തുടരും.
കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇഷ്ട വി.സിയായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിക്കാന്‍ മുന്‍പ് സര്‍ക്കാര്‍ പയറ്റിയ തന്ത്രമാണ് ഗവര്‍ണര്‍ ഇവിടെ പ്രയോഗിച്ചത്. പുനര്‍ നിയമനത്തില്‍ തെറ്റില്ലെന്ന് സര്‍ക്കാര്‍ നല്‍കിയ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ആധാരമാക്കിയായിരുന്നു മിന്നല്‍ നീക്കം.
ആരോഗ്യ സര്‍വകലാശാല വി.സിയായി ഞായറാഴ്ച കാലാവധി പൂര്‍ത്തിയാക്കാനിരിക്കുകയായിരുന്നു മോഹനന്‍ കുന്നുമ്മല്‍. അഞ്ച് വര്‍ഷത്തേക്കാണ് ഇപ്പോള്‍ സ്ഥിരം വി.സിയായുള്ള പുനര്‍ നിയമനം നല്‍കിയിരിക്കുന്നത്. ആരോഗ്യ സര്‍വകലാശാലയില്‍ 2019 ഒക്ടോബര്‍ മുതല്‍ അഞ്ച് വര്‍ഷത്തെ കാര്യക്ഷമമായ നേതൃത്വവും കേരള സര്‍വകലാശലയിലെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനവുമാണ് ഡോ. മോഹനന്‍ കുന്നുമ്മലിന് തുണയായതെന്നാണ് വിലയിരുത്തല്‍.