കൊച്ചി: പ്രവാസികളായ 15 പേരുടെ ഒന്നര വർഷത്തെ പ്രയ്തനത്തിന്റെയും നൂറ് കണക്കിന് സിനിമാക്കാരുടെ അകമഴിഞ്ഞ കഠിനാധ്വാനത്തിന്റെയും നിസ്വാർത്ഥമായി സിഎൻ ഗ്ലോബൽ മൂവീസ് ടീമിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് കലാസ്നേഹിതരുടെ പ്രവർത്തനത്തിന്റെയും ഫലമായ 'സ്വർഗം' സിനിമ പ്രേക്ഷകരിലേക്ക്.
നല്ല കലാസൃഷ്ടികളും മികച്ച സിനിമകളും നിർമിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട സിഎൻ ഗ്ലോബൽ മൂവീസ് ടീം ആദ്യം നിർമിക്കുന്ന ചിത്രമാണ് സ്വർഗം. നവംബർ എട്ടിന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.
വറുഗീസ് തോമസ് (യുഎഇ), രഞ്ജിത്ത് ജോൺ (ഓസ്ട്രേലിയ), സിബി മാണി കുമാരമംഗലം (ഇറ്റലി), മാത്യു തോമസ് (യുഎഇ), മനോജ് തോമസ് (യുഎഇ), ജോർജുകുട്ടി പോൾ (ഒമാൻ), ബേബിച്ചൻ വർഗീസ് (ഓസ്ട്രേലിയ), റോണി ജോസ് (സൗത്ത് ആഫ്രിക്ക), ഷാജി ജേക്കബ് (നൈജീരിയ), പിന്റോ മാത്യു(നൈജീരിയ), ജോസ് ആന്റണി(യുഎഇ), വിപിൻ വർഗീസ് (യുഎഇ), ജോൺസൺ പുന്നേലിപറമ്പിൽ (ഓസ്ട്രേലിയ), എൽസമ്മ എബ്രാഹാം ആണ്ടൂർ (ഇന്ത്യ), ജോബി തോമസ് മറ്റത്തിൽ (കുവൈറ്റ്) എന്നിവരാണ് നിർമാതാക്കൾ.
റെജിസ് ആൻറണിയാണ് സ്വർഗം സംവിധാനം ചെയ്യുന്നത്. മധ്യ തിരുവതാംകൂറിലെ അയൽവാസികളായ രണ്ട് കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
അജു വർഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള ജോണി സിജോയ് വർഗീസ്, വിനീത് തട്ടിൽ, ഉണ്ണി രാജ, അഭിരാം രാധാകൃഷ്ണൻ, രഞ്ജി കാങ്കോൽ, മനോഹരി ജോയ്, തുഷാര പിള്ള, കുടശനാട് കനകം, സൂര്യ, മഞ്ചാടി ജോബി തുടങ്ങിയ വൻ താര നിര തന്നെ ചിത്രത്തിൽ ഉണ്ട്.
പ്രവാസികളുടെയ കൂട്ടായ്മയിൽ രൂപം കൊണ്ട സിഎൻ ഗ്ലോബൽ മുവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് & ടീം ആണ് ചിത്രം നിർമ്മിക്കുന്നത്. ലിസി കെ ഫെർണാണ്ടസിന്റെ കഥക്ക് റെജിസ് ആന്റണിയും റോസ് റെജിസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
സന്തോഷ് വർമ, ഹരിനാരായണൻ, ബേബി ജോൺ കലയന്താനി എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ബിജിബാൽ, ജിന്റോ ജോൺ, ഡോ. ലിസി കെ ഫെർണാണ്ടസ് എന്നിവരുടേതാണ് സംഗീതം. പ്രശസ്ത ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരും ഒരുപറ്റം ഗായകരും ചേർന്നാണ് അതിമനോഹരമായ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ഛായാഗ്രഹണം എസ് ശരവണൻ, എഡിറ്റർ ഡോൺമാക്സ്, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക്. പ്രൊഡക്ഷൻ കൺട്രോളർ തോബിയാസ് പികെ, വള്ളുവനാടൻ ഫിലീംസാണ് വിതരണം.