റേഡിയോയില്‍ എ.ഐ. അവതാരകര്‍; പോളണ്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടമായി: പ്രതിഷേധം

റേഡിയോയില്‍ എ.ഐ. അവതാരകര്‍; പോളണ്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടമായി: പ്രതിഷേധം

വാഴ്സ: നിര്‍മ്മിത ബുദ്ധിയുടെ വരവോടെ ജോലി നഷ്ടമാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഭാവിയില്‍ പ്രശ്‌നം രൂക്ഷമാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇപ്പോള്‍ വരുന്ന പുതിയ വാര്‍ത്തയാണ് നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ പോളണ്ടിലെ ഒരു റേഡിയോ സ്റ്റേഷന്‍ വെര്‍ച്വല്‍ അവതാരകരെ അവതരിപ്പിച്ചു എന്നത്. അതിന്റെ ഫലമായി അവിടെയുണ്ടായിരുന്ന പത്രപ്രവര്‍ത്തകരെ പിരിച്ചുവിടുകയും ചെയ്തു.

പോളണ്ടിലെ ക്രാക്കോവ് നഗരത്തിലെ ഓഫ് റേഡിയോ ക്രാക്കോവ് ആണ് നിര്‍മ്മിത ബുദ്ധിയുടെ പുതിയ സാധ്യത വിജയകരമായി പരീക്ഷിച്ചത്. യുവാക്കളായ ശ്രോതാക്കളോടാണ് എ.ഐ. അവതാരകര്‍ സംവദിക്കുക എന്ന് റേഡിയോ സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.

അതേസമയം എ.ഐ. അവതാരകര്‍ എത്തിയതോടെ ഓഫ് റേഡിയോ ക്രാക്കോവിലെ മാധ്യമപ്രവര്‍ത്തകരുടെ ജോലി പോയി. ജോലി നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

തങ്ങള്‍ക്ക് പകരം എ.ഐ. അവതാരകരെ നിയോഗിച്ചതിനെ ശക്തമായി അപലപിച്ചുകൊണ്ട് റേഡിയോ സ്റ്റേഷനിലെ മുന്‍ അവതാരകനായ മാത്യൂസ് ഡെംസ്‌കി കത്തെഴുതി. ഇതൊരു അപകടകരമായ കീഴ്വഴക്കമാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

റേഡിയോയില്‍ സംപ്രേഷണം ചെയ്ത എ.ഐ. അവതരിപ്പിച്ച ഒരു അഭിമുഖ പരിപാടിയും ഇതിനകം വിവാദമായിട്ടുണ്ട്. 2012-ല്‍ അന്തരിച്ച നൊബേല്‍ സമ്മാനജേതാവും പോളിഷ് കവിയുമായ വിസ്ലാവ സിംബോര്‍സ്‌കയുടെ ശബ്ദമാണ് അഭിമുഖത്തില്‍ ഉപയോഗിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.