'പറഞ്ഞ വാക്കില്‍ ഉറച്ചു നില്‍ക്കുന്നു'; ധാര്‍ഷ്ട്യം വിടാതെ എന്‍.എന്‍ കൃഷ്ണദാസ്

 'പറഞ്ഞ വാക്കില്‍ ഉറച്ചു നില്‍ക്കുന്നു'; ധാര്‍ഷ്ട്യം വിടാതെ എന്‍.എന്‍ കൃഷ്ണദാസ്

പാലക്കാട്: മാധ്യമ പ്രവര്‍ത്തകര്‍ പട്ടികളെപ്പോലെയെന്ന പദപ്രയോഗത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സിപിഎം നേതാവും മുന്‍ എംപിയുമായ എന്‍.എന്‍ കൃഷ്ണദാസ്. അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതല്ലെന്നും ബോധപൂര്‍വം പറഞ്ഞതാണെന്നും എന്‍.എന്‍ കൃണദാസ് പറഞ്ഞു. പറഞ്ഞ വാക്കില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സിപിഎം സംസ്ഥാന സമിതിയിലെ മുതിര്‍ന്ന അംഗം കൂടിയായ കൃഷ്ണദാസ് വ്യക്തമാക്കി.

''മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചത് അബദ്ധത്തിലല്ല. നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന ഉത്തമ ബോധ്യം എനിക്കുണ്ടായിരുന്നു. എല്‍ഡിഎഫിലെ ഒരാള്‍ക്ക് ചെറിയൊരു വിഷമമുണ്ടായി. അദേഹം അത് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചു. ഇത് ലോകത്തെ ആദ്യ സംഭവമൊന്നുമല്ല. ഇതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ഷുക്കൂറിന്റെ വീടിന് മുന്നില്‍ കാത്തുകെട്ടി കിടക്കുന്നത് കണ്ടപ്പോള്‍ അറപ്പ് തോന്നി. ഇറച്ചിക്കടയില്‍ കാത്തു നില്‍ക്കുന്ന പട്ടി എന്ന ഉദാഹരണമാണ് ആ സമയത്ത് എനിക്ക് പറയാന്‍ തോന്നിയത്. അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു.''- എന്‍.എന്‍ കൃഷ്ണദാസ് പറഞ്ഞു.

പാര്‍ട്ടിയെന്നത് കമ്യൂണിസ്റ്റുകാര്‍ക്ക് അമ്മയെ പോലെയാണ്. കുട്ടികള്‍ ചിലപ്പോള്‍ അമ്മയുമായി വഴക്കിടും. അത് കഴിഞ്ഞ് അമ്മയുടെ അടുത്തേക്ക് തന്നെ തിരിച്ചെത്തും. ഷുക്കൂര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയതും അങ്ങനെയാണെന്നും കൃഷ്ണദാസ് വ്യക്തമാക്കിയിരുന്നു.

ഇന്നലെയാണ് പാലക്കാട് സിപിഎം ഏരിയ കമ്മിറ്റി അംഗമായ അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടുകയാണെന്ന തരത്തില്‍ പോസ്റ്റ് പങ്കുവച്ചത്. സിപിഎമ്മില്‍ നിന്നും നേരിടുന്ന മാനസിക പീഡനങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിടുന്നുവെന്ന തരത്തിലായിരുന്നു മിക്ക പോസ്റ്റുകളും. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് നേരെയായിരുന്നു കൃഷ്ണദാസിന്റെ അസഭ്യ വര്‍ഷം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.