തൃശൂര്‍: ഉപതിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തൃശൂരില്‍ ചേരും. കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യക്കെതിരെ റവന്യൂ വകുപ്പിന്റെ അടക്കം കണ്ടെത്തലുകള്‍ ഉള്ള പശ്ചാത്തലത്തില്‍, പാര്‍ട്ടി അവര്‍ക്കെതിരെ എന്ത് നടപടിയെടുക്കണം എന്നതിലും ചര്‍ച്ചകള്‍ ഉണ്ടായേക്കും. ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ വിഷയങ്ങളും സമകാലിക സംഭവങ്ങളും സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും.
കൂടാതെ എന്‍സിപിയിലുണ്ടായ കുതിരക്കച്ചവട ആരോപണവും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരാനാണ് സാധ്യത. തോമസ് കെ. തോമസ് എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം. അതേസമയം ആരോപണം നിഷേധിച്ച തോമസ് കെ തോമസ് പറഞ്ഞത്, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രിയാകും എന്ന് കണ്ടതോടെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നു വന്നതെന്നുമായിരുന്നു.
തോമസ് കെ. തോമസ് എല്‍ഡിഎഫിന്റെ രണ്ട് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തത്. ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതമാണ് വാഗ്ദാനം ചെയ്തതെന്നും ആരോപണം ഉന്നയിച്ചിരുന്നു.