'ജമാ അത്തെ ഇസ്ലാമി ആര്‍എസ്എസിന്റെ മുസ്ലീം പതിപ്പ്; ഇസ്ലാമിക സാമ്രാജ്യം സൃഷ്ടിക്കാനാണ് അവരുടെ ശ്രമം': മുഖ്യമന്ത്രി

'ജമാ അത്തെ ഇസ്ലാമി ആര്‍എസ്എസിന്റെ മുസ്ലീം പതിപ്പ്; ഇസ്ലാമിക സാമ്രാജ്യം സൃഷ്ടിക്കാനാണ് അവരുടെ ശ്രമം': മുഖ്യമന്ത്രി

കോഴിക്കോട്: ആര്‍എസ്എസിന്റെ ഇസ്ലാം പതിപ്പാണ് ജമാ അത്തെ ഇസ്ലാമിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് കൂട്ടരുടെയും അജണ്ട പൊളിച്ചാണ് ഇന്ത്യ മതനിരപേക്ഷ റിപ്പബ്ലിക്കായത്. ദേശീയതയെ ജമാ അത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല. ഇസ്ലാമിക സാമ്രാജ്യം സൃഷ്ടിക്കാനാണ് ജമാ അത്ത് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുതിര്‍ന്ന സിപിഎം നേതാവ് പി. ജയരാജന്‍ രചിച്ച 'കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പുസ്തകത്തിലെ എല്ലാ നിലപാടുകളും പാര്‍ട്ടി നിലപാടുകളല്ലെന്നും പിണറായി വ്യക്തമാക്കി.

മുസ്ലീം ലീഗിനെയും ജമാ അത്തെ ഇസ്ലാമിയെയും ഒരേ കണ്ണോടെ കാണുന്നത് ശരിയല്ല. ജമാ അത്തെ ഇസ്ലാമി വര്‍ഗീയ സംഘടനയും ലീഗ് ഒരു പരിഷ്‌കരണ സംഘടനയുമാണ്. ലീഗിന് സാര്‍വദേശീയ ഭീകര ബന്ധമില്ല. എന്നാല്‍ വര്‍ഗീയ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ എതിര്‍ക്കാന്‍ ശ്രമിക്കുന്നു.

കമ്മ്യൂണിസ്റ്റുകാരെ തോല്‍പ്പിക്കാനുള്ള വ്യഗ്രതയില്‍ ഭീകര സംഘടകളുമായി കൂട്ടുകൂടുന്നതാണ് ലീഗുണ്ടാക്കുന്ന വലിയ ആപത്ത്. ഭീകര സംഘടനകള്‍ക്ക് മാന്യത നല്‍കുന്നതാണിത്. ഇത് ലീഗ് അണികളെ ഭീകരവാദ സംഘടനകളിലെത്തിക്കും. ഇത് സംഘപരിവാറിനെ ശക്തിപ്പെടുത്തും. ഇത്തരക്കാരോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം എന്ന് കേട്ടാല്‍ മുസ്ലീം സമുദായത്തിനെതിരേ പറഞ്ഞു എന്നാണ് ചിലര്‍ പറയുന്നത്. എല്‍ഡിഎഫ് ഭരണത്തില്‍ പൊലീസ് ഏറ്റവും കൂടുതല്‍ കേസെടുത്തത് മലപ്പുറത്താണ് എന്നാണ് മുസ്ലീം ലീഗ് പറയുന്നത്. ഇത് തെറ്റാണ്. ലീഗാണ് മലപ്പുറത്തെ അപമാനിക്കുന്നത്. താരതമ്യേന ഏറ്റവും കുറവ് കുറ്റകൃകത്യങ്ങളുള്ള ജില്ലകളില്‍ ഒന്നാണ് മലപ്പുറമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

പി.ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്യുന്നത് കൊണ്ട് അദേഹം എഴുതിയ എല്ലാ കാര്യങ്ങളോടും യോജിക്കുന്നുവെന്നു പറയാനാവില്ല. ജയരാജന്റെ വ്യക്തിപരമായ വിലയിരുത്തല്‍ പുസ്തകത്തില്‍ ഉണ്ട്. അതിനെ അങ്ങനെ തന്നെ കാണണം.

ഇടതുപക്ഷം ശക്തിപ്പെട്ടാലേ മതന്യൂനപക്ഷളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളുവെന്നും രാഷ്ട്രീയം മതനിരപേക്ഷമാവുകയുള്ളു എന്നുമാണ് പുസ്തകത്തിന്റെ പൊതുവായ വിലയിരുത്തല്‍. ഇത് ഏറെ പ്രസക്തമായ നിലപാടാണന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.