ന്യൂഡല്‍ഹി: രാജ്യത്ത് വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന വ്യാജ ബോംബ് ഭീഷണിയില്‍ സാമൂഹ മാധ്യമങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം. വ്യജ സന്ദേശങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഐടി മന്ത്രാലയം കമ്പനികളോട് ഉത്തരവിട്ടു.
തെറ്റായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 72 മണിക്കൂറിനുള്ളില്‍ അധികാരികളെ അറിയിക്കണം. അറിയിച്ചില്ലെങ്കില്‍ ഐടി ആക്ട് അനുസരിച്ച് കുറ്റകൃത്യമായി കണക്കാക്കുമെന്നും ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, വിസ്താര തുടങ്ങി വിവിധ കമ്പനികളുടെ 275 ല്‍ അധികം വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണികള്‍ ഉയര്‍ന്നത്. ഇവയില്‍ മിക്ക ഭീഷണികളും സമൂഹ മാധ്യമങ്ങള്‍ വഴിയാണ് വന്നത്. വ്യാജ ഭീഷണികള്‍ വ്യോമയാന മേഖലയ്ക്ക് കനത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നത്.