രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്താകെ 8.85 ലക്ഷം എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തു.
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ(എസ്‌ഐആര്‍)ത്തിനെതിരെ സംസ്ഥാനത്തെ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമ പോരാട്ടത്തിനൊരുങ്ങവേ എസ്‌ഐആര്‍ വേഗത്തിലാക്കാന്‍ നീക്കം.
എന്യൂമറേഷന്‍ ഫോം വിതരണം വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ നിര്‍ദേശം നല്‍കി. വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയില്‍ രാത്രിയിലും ബിഎല്‍ഒമാര്‍ വീടുകളിലെത്തി ഫോം വിതരണം ചെയ്യണം.
ചീഫ് ഇലക്ടറല്‍ ഓഫീസറും ജില്ലാ കളക്ടര്‍മാരും ബിഎല്‍ഒമാരോടൊപ്പം വീടുകള്‍ സന്ദര്‍ശിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി. രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്താകെ 8.85 ലക്ഷം എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
അതേസമയം, എസ്ഐആറിനെ നിയമപരമായി ചോദ്യം ചെയ്യാന്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന്റേതാണ് തീരുമാനം. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ തമിഴ്നാട് സുപ്രിം കോടതിയെ സമീപിച്ച മാതൃക സ്വീകരിക്കണമെന്ന സര്‍വകക്ഷി യോഗത്തില്‍ ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം. ബിജെപി ഒഴികെയുളള എല്ലാ രാഷ്ട്രീയ കക്ഷികളും നിയമ നടപടിയോട് യോജിച്ചു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍ പട്ടിക നിലവിലിരിക്കെ 2002 ലെ പട്ടിക അടിസ്ഥാനമാക്കി എസ്.ഐ.ആര്‍ നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പങ്കുവെച്ച ഉത്കണ്ഠയോട് പൂര്‍ണമായും യോജിക്കുന്നുവെന്നും കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരാന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.