'എസ്‌ഐആറുമായി സഹകരിക്കണം; പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്താം': സിറോ മലബാര്‍ സഭ

'എസ്‌ഐആറുമായി സഹകരിക്കണം;  പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍  സൗകര്യം ഉപയോഗപ്പെടുത്താം': സിറോ മലബാര്‍ സഭ

കൊച്ചി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തില്‍ ആരംഭിച്ച വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവുമായി (എസ്‌ഐആര്‍) സഹകരിക്കണം എന്ന ആഹ്വാനവുമായി സീറോ മലബാര്‍ സഭ.

എസ്ഐആറുമായി എത്തുന്ന ബിഎല്‍ഒ ഓഫീസര്‍മാരോട് സഹകരിക്കുകയും സംശയ ദൂരീകരണത്തിനും തുടര്‍ നടപടികള്‍ക്കുമായി ആശയ വിനിമയം കാര്യക്ഷമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം.

സഭയുടെ ഭാഗമായ പ്രവാസികള്‍ ബന്ധുക്കള്‍ വഴിയോ ഓണ്‍ലൈന്‍ മുഖേനയോ എസ്‌ഐആര്‍ ഫോം പൂരിപ്പിക്കണമെന്നും സീറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സിറോ മലബാര്‍ സഭാ നേതൃത്വം ചൊവ്വാഴ്ച ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ഫരീദാബാദ് അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

ഏകദേശം 20 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവരും സംബന്ധിച്ചിരുന്നു.

പ്രധാനമന്ത്രിയുമായി നടന്നത് ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നു എന്ന് സഭാ നേതൃത്വം അറിയിച്ചു. കത്തോലിക്കാ സഭ നേരിടുന്ന പ്രശ്നങ്ങള്‍ പ്രധാനമന്ത്രിക്ക് ബോധ്യമായെന്ന് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

അതിനിടെ കേരളത്തില്‍ നടപ്പാക്കുന്ന എസ്ഐആറിനെ നിയമപരമായി നേരിടാന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു.

സര്‍ക്കാര്‍ കോടതിയില്‍ പോയാല്‍ കക്ഷി ചേരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും പിന്തുണച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.