കരുത്ത് കാട്ടി ഇന്ത്യയുടെ 'എക്സ് ത്രിശൂല്‍' സൈനികാഭ്യാസ പ്രകടനം; നിരീക്ഷിച്ച് പാകിസ്ഥാന്‍

കരുത്ത് കാട്ടി ഇന്ത്യയുടെ 'എക്സ് ത്രിശൂല്‍' സൈനികാഭ്യാസ പ്രകടനം; നിരീക്ഷിച്ച് പാകിസ്ഥാന്‍

നാല്‍പതിനായിരത്തിലധികം സൈനികരാണ് സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്. നാല്‍പതിലധികം യുദ്ധവിമാനങ്ങളും 25 യുദ്ധക്കപ്പലുകളുമുണ്ട്.

ന്യൂഡല്‍ഹി: പാക് ഭീകര കേന്ദ്രങ്ങളെ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം രാജ്യത്തിന്റെ പ്രതിരോധ കരുത്ത് വെളിവാക്കുന്ന സൈനികാഭ്യാസ പ്രകടനവുമായി ഇന്ത്യ.

എത് രീതിയിലുള്ള ആക്രമണത്തെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ഇന്ത്യന്‍ കര-നാവിക-വ്യോമ സേനകളുടെ ശക്തി പ്രകടനമാണ് പാക് അതിര്‍ത്തിയില്‍ ഈ ദിവസങ്ങളില്‍ നടക്കുന്നത്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന റാന്‍ ഓഫ് കച്ചിലും സര്‍ ക്രീക്ക് പ്രദേശവും കേന്ദ്രീകരിച്ചാണിപ്പോള്‍ അഭ്യാസം നടക്കുന്നത്.

'എക്സ് ത്രിശൂല്‍' എന്ന കോഡ് നാമത്തിലുള്ള സൈനികാഭ്യാസം നവംബര്‍ 13 വരെ തുടരും. നാല്‍പതിനായിരത്തിലധികം സൈനികരാണ് സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്. നാല്‍പതിലധികം യുദ്ധവിമാനങ്ങളും 25 യുദ്ധക്കപ്പലുകളുമുണ്ട്.

സംയുക്ത സേനാ പരിശീനത്തിന് പുറമേ ബഹിരാകാശവും സൈബര്‍ അധിഷ്ഠിത വശങ്ങളും ഉള്‍പ്പെടുന്ന സങ്കീര്‍ണമായ മള്‍ട്ടി-ഡൊമെയിന്‍ അഭ്യാസമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എക്സ് ത്രിശൂലിന്റെ വിശദാംശങ്ങള്‍ പങ്കിട്ടുകൊണ്ട് നാവിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ വൈസ് അഡ്മിറല്‍ എ.എന്‍ പ്രമോദ് പറഞ്ഞു.

പാകിസ്ഥാന്റെ നീക്കങ്ങള്‍ ഇന്ത്യന്‍ സേനകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇന്ത്യയുടെ സൈനികാഭ്യാസത്തിന് മുന്നോടിയായി ഇന്ത്യന്‍ വ്യോമാതിര്‍ത്തി അടച്ചു പൂട്ടുന്നതിനുള്ള നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, ഇന്ത്യയുടെ നീക്കങ്ങള്‍ പാകിസ്ഥാനും നിരീക്ഷിക്കുന്നുണ്ട്.

ഇന്ത്യയുടെ വലിയ ലാന്‍ഡിങ് പ്ലാറ്റ്‌ഫോം ഡോക്കുള്ള യുദ്ധക്കപ്പലായ ഐഎന്‍എസ് ജലാശ്വയും സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. ശത്രു പ്രദേശത്തേക്ക് സൈനികരെയും ഉപകരണങ്ങളെയും കൊണ്ടുപോകാന്‍ രൂപകല്‍പന ചെയ്തിരിക്കുന്നതാണ് ഐഎന്‍എസ് ജലാശ്വ. ഇന്ത്യയുടെ പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ ശക്തി പ്രകടനമാണിത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.