ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ക്രിസ്ത്യാനിയായ ഷഗുഫ്ത കൗസറിന്റെ ജീവിതം വിശ്വാസത്തിന്റെ അത്ഭുതകഥയാണ്. ദൈവനിന്ദ ആരോപിച്ച് കുറ്റാരോപിതയായി ഏഴ് വര്‍ഷം ജയിലില്‍ കഴിഞ്ഞ ഷഗുഫ്ത യേശുവിനെ തള്ളിപ്പറഞ്ഞാല്‍ മോചനം ലഭിക്കും എന്ന അധികാരികളുടെ വാഗ്ദാനം പോലും നിരസിച്ചു.
2013 ല്‍ ഷഗുഫ്തയെയും ഭര്‍ത്താവ് ഷഫ്ഖത്ത് ഇമ്മാനുവലിനെയും പൊലീസ് വ്യാജ ദൈവനിന്ദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇരുവരും ഭയാനകമായ പീഡനങ്ങള്‍ക്കിരയായി. കോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയും വര്‍ഷങ്ങളോളം വ്യത്യസ്ത ജയിലുകളില്‍ ഏകാന്ത തടവില്‍ കഴിയുകയും ചെയ്തു. ജയിലില്‍ കഴിയുമ്പോള്‍ ഗുരുതരമായ അസുഖങ്ങളിലൂടെ കടന്നുപോയ ഷഗുഫ്ത സംസാരിക്കാന്‍ പോലും പ്രയാസപ്പെട്ട അവസ്ഥയിലായിരുന്നു.
 
റോമിൽ ലോകത്തിലെ മതസ്വാതന്ത്ര്യ റിപ്പോർട്ടിന്റെ' പ്രകാശന വേളയിൽ ഷഗുഫ്ത സംസാരിക്കുന്നു
“നീ യേശുവിനെ നിഷേധിച്ചാല്‍ നിന്നെ വിടാം എന്ന്  അവര്‍ പറഞ്ഞു. പക്ഷേ യേശു എന്റെ പാപങ്ങള്‍ക്കായി കുരിശില്‍ മരിച്ചു. അവനെ നിഷേധിക്കാന്‍ എനിക്ക് കഴിയില്ല,’’ എന്ന് ഷഗുഫ്ത പറഞ്ഞു. എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ 2025 ലെ മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടിന്റെ പ്രകാശന ചടങ്ങിലാണ് ഷഗുഫ്ത അനുഭവങ്ങള്‍ പങ്കുവച്ചത്.
“ഞാന്‍ എന്റെ കുട്ടികളെ വീണ്ടും കാണണമെന്നാശിച്ചു, കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ എനിക്ക് ഒരു ദര്‍ശനം ലഭിച്ചു. കുരിശും കര്‍ത്താവിനെയും കണ്ടു. അവന്‍ എന്നെ സുഖപ്പെടുത്തി”- ഷഗുഫ്ത പറഞ്ഞു.
 “ഒരു ദിവസം പൗലോസിനെയും സീലാസിനെയും കുറിച്ചുള്ള ഭാഗം ബൈബിളില്‍ വായിക്കുമ്പോള്‍ ഭൂകമ്പം വന്നതുപോലെ ജയിലില്‍ കുലുക്കം അനുഭവപ്പെട്ടു. കാവല്‍ക്കാര്‍ നിലവിളിച്ചു. അത് എനിക്ക് ദൈവത്തിന്റെ അടയാളമായി തോന്നി.’’- ഷഗുഫ്ത പറഞ്ഞു.
 “എന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹോളണ്ടില്‍ നിന്നുള്ള ഒരു നിവേദനമുണ്ടായിരുന്നു. ഒരു ദിവസം കൊണ്ട് പതിനാറായിരം പേര്‍ നിവേദനത്തില്‍ ഒപ്പുവച്ചു, അത് പാകിസ്ഥാന്‍ എംബസിയില്‍ എത്തിച്ചു. തുടര്‍ന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് 600 ലധികം വോട്ടുകളോടെ ഒരു പ്രമേയം അംഗീകരിച്ചു. ഞങ്ങളെ മോചിപ്പിച്ചില്ലെങ്കില്‍ പാകിസ്ഥാന് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി. നിവേദനത്തില്‍ ഒപ്പുവച്ചവരിലും ഞങ്ങളുടെ സ്വാതന്ത്ര്യത്തിനായി വാദിച്ചവരിലും നിരവധി മതേതര ആളുകള്‍ ഉണ്ടായിരുന്നു. ഇത് ഞങ്ങള്‍ക്ക് ഒരു അത്ഭുതമായിരുന്നു“- ഷഗുഫ്ത പറഞ്ഞു.
ഈ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിനൊടുവില്‍ ഷഗുഫ്തയും ഭര്‍ത്താവും മോചിതരായി. ഇന്നിവര്‍ പുതിയ രാജ്യത്ത് സ്വതന്ത്ര ജീവിതം നയിക്കുകയാണ്. മത സ്വാതന്ത്ര്യത്തിനും പീഡിത വിശ്വാസികള്‍ക്കുമായി പ്രവര്‍ത്തിക്കുന്നതിലൂടെയാണ് അവര്‍ ഇപ്പോള്‍ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നത്.