മെക്സിക്കോ സിറ്റി: വടക്കൻ മെക്സിക്കോയിലെ സൂപ്പർ മാർക്കറ്റിൽ ഉണ്ടായ സ്ഫോടനത്തിൽ കുട്ടികൾ ഉൾപ്പെടെ 23 പേർ മരിച്ചു. ശനിയാഴ്ച ഹെർമോസില്ലോ നഗരത്തിലെ ഒരു സൂപ്പർ മാർക്കറ്റിലായിരുന്നു സംഭവം. പരിക്കേറ്റ 11 പേരെ നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായും അധികൃതർ വ്യക്തമാക്കി.
മരിച്ചവരിൽ ചിലർ കുട്ടികളാണ്.
സംഭവത്തിന്റെ കാരണം കണ്ടെത്താനും ഉത്തരവാദികളായവരെ പിടികൂടാനുമായി വ്യാപകവും സുതാര്യവുമായ അന്വേഷണം ആരംഭിച്ചതായും സൊനോറ സംസ്ഥാന ഗവർണർ അൽഫോൻസോ ദുരാസോ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും മെക്സിക്കോ പ്രസിഡന്റായ ക്ലോഡിയ ഷെയിൻബാം അനുശോചനം അറിയിച്ചു. സൊനോറ ഗവർണർ അൽഫോൻസോ ദുരാസോയുമായി ബന്ധപ്പെടുകയും ആവശ്യമായ സഹായം നൽകാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി റോസ ഐസെല റോഡ്രിഗസ് നയിക്കുന്ന സഹായ സംഘം സ്ഥലത്തേക്ക് അയയ്ക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും ഷെയിൻബാം എക്സിലെ പോസ്റ്റിൽ പറഞ്ഞു.
മരണങ്ങളിൽ പലതും വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് സംഭവിച്ചതായാണ് പ്രാഥമിക നിഗമനമെന്ന് സംസ്ഥാന അറ്റോർണി ജനറൽ ഗുസ്താവോ സാലസ് ഫൊറൻസിക് മെഡിക്കൽ വിവരങ്ങളെ അടിസ്ഥാനമാക്കി വ്യക്തമാക്കി. എന്നാൽ, വൈദ്യുത തകരാർ കാരണമാണ് അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.