മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അക്രമി.
രണ്ട് പേര്‍ കസ്റ്റഡിയിലെന്ന് പൊലീസ്.
ബോണ്ടി ബീച്ചിലേക്കുള്ള പ്രവേശനം നിരോധിച്ചു.
സിഡ്നി: ഹനുക്കോ ആഘോഷത്തിന് സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ഒത്തുകൂടിയ യഹൂദര്‍ക്ക് നേരേയുണ്ടായ വെടിവെപ്പില്‍ മരണം പന്ത്രണ്ടായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അക്രമിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 29 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവം യഹൂദര്‍ക്ക് നേരേയുണ്ടായ ഭീകരാക്രമണമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു. പ്രാദേശിക സമയം വൈകുന്നേരം ഏഴോടെയാണ് സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ആക്രമണമുണ്ടായത്.
നിലവിളിച്ചുകൊണ്ട് ചിതറിയോടിയ ആളുകള്‍ക്ക് നേരെ അക്രമികള്‍ തുടരേ വെടിവെക്കുകയായിരുന്നു. ഏകദേശം 50 റൗണ്ട് വെടിവെപ്പുണ്ടായതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. കറുത്ത വസ്ത്രം ധരിച്ച രണ്ട് പേരാണ് വെടിവെച്ചത്. മൂന്നാമതൊരാള്‍ക്കൂടി ഉണ്ടെന്നും പൊലീസ് സംശയിക്കുന്നു.
നിരായുധനായ ഒരു വ്യക്തി തോക്കുധാരിയെ നേരിട്ട്, തോക്ക് പിടിച്ചു വാങ്ങി ഓടിക്കുന്ന സംഭവവും ഇതിനിടയിലുണ്ടായി. അദേഹത്തിന്റെ സമയോചിതമായ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ കൂടുതല്‍ പേര്‍ വെടിയേറ്റ് വീഴുമായിരുന്നുവെന്ന് ദൃക്സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. എന്നാല്‍ ഈ വ്യക്തി ആരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഭീകരാക്രമണമുണ്ടായ സാഹചര്യത്തില്‍ ബോണ്ടി ബീച്ചിലേക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പോകരുതെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പൊലീസും എമര്‍ജന്‍സി റെസ്പോണ്ടന്റും പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം തുടരുന്നു. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.
എട്ട് ദിവസത്തെ യഹൂദ ഉത്സവമായ ഹനുക്കോയുടെ ആദ്യ രാത്രിയിലാണ് വെടിവയ്പ് നടന്നത്. ഉത്സവവുമായി ബന്ധപ്പെട്ട് കടല്‍ത്തീരത്ത് നൂറുകണക്കിന് ആളുകല്‍ ഒത്തുകൂടിയ സമയമായിരുന്നു ഇത്. സംഭവത്തിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വീഡിയോയില്‍ വെടിയൊച്ചകളും പൊലീസ് സൈറണുകളും കേള്‍ക്കാം. ബീച്ചിലെത്തിയവര്‍ പ്രദേശത്തു നിന്ന് വേഗം ഒഴിവാകണമെന്ന് നിര്‍ദേശിക്കുന്നതും കാണാം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സിഡ്നിയിലെ കിഴക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ബോണ്ടി ബീച്ച് 3,000 അടിയിലധികം നീളമുള്ളതും ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളില്‍ ഒന്നുമാണ്. സ്വദേശികളും വിദേശികളുമായി പ്രതിദിനം നിരവധി സന്ദര്‍ശകരാണ് ബീച്ചിലെത്തുന്നത്.