കോടതി വിധിയും ചട്ടവും ലംഘച്ച് കെട്ടിടത്തില്‍ ജുമാ നിസ്‌കാരം; പരാതി നല്‍കി ജനകീയ സമിതി

കോടതി വിധിയും ചട്ടവും ലംഘച്ച് കെട്ടിടത്തില്‍ ജുമാ നിസ്‌കാരം; പരാതി നല്‍കി ജനകീയ സമിതി

കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ക്ക് നിര്‍മിച്ച കോംപ്ലക്‌സില്‍ നിസ്‌കാരം നടത്തുന്നതായി പരാതി. 2002 ലെ ഹൈക്കോടതി ഉത്തരവും പഞ്ചായത്ത് സെക്രട്ടറിയുടെ രേഖാമൂലമുള്ള വിലക്കും വകവെക്കാതെയാണ് നിസ്‌കാര നടപടി. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തില്‍ പന്തീരാങ്കാവ് ആന്തേരി നിലത്തെ കെട്ടിടത്തിലാണ് ചട്ടലംഘനം.

ഇവിടെ കണ്‍വന്‍ഷന്‍ സെന്റര്‍, ഓഡിറ്റോറിയം, കല്യാണ മണ്ഡപം, സിനിമാ തീയറ്റര്‍, താമസ സൗകര്യം എന്നീ ആവശ്യങ്ങള്‍ക്കാണ് കെട്ടിട നിര്‍മാണ അനുമതി നല്‍കിയിട്ടുള്ളത്. തുടര്‍ച്ചയായി രണ്ട് വെള്ളിയാഴ്ച ഈ കെട്ടിടത്തില്‍ നിസ്‌കാരം നടക്കുകയാണ്. ഇതിനെതിരേ പ്രദേശവാസികള്‍ നല്‍കിയ പരാതികളില്‍ പൊലീസ് നടപടിയാരംഭിച്ചിട്ടുണ്ട്.

ഈ കെട്ടിടത്തിന്റെ നിര്‍മാണ ലക്ഷ്യത്തില്‍ സംശയം തോന്നിയ പരിസരവാസികള്‍ വിവരാവകാശ നിയമപ്രകാരം കെട്ടിടത്തെക്കുറിച്ച് സമ്പാദിച്ച രേഖകളില്‍ ആരാധനാലയമില്ല. എന്നാല്‍ വിദൂര സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയെത്തി ഇക്കഴിഞ്ഞ ഒക്ടോബര്‍ 24 ന് വെള്ളിയാഴ്ച ജുമാ നമസ്‌കാരം നടത്തി.


കെട്ടിടത്തില്‍ നിന്ന് വാങ്ക് വിളിയും ഉണ്ടായി. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചട്ടലംഘനം ചൂണ്ടിക്കാട്ടി പൊലീസിനെ വിവരം അറിയിച്ചു. ജില്ലാ കളക്ടര്‍, ഒളവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ രേഖാമൂലം പരാതിപ്പെടുകയും ചെയ്തു.

എന്നാല്‍ പിറ്റേ വെള്ളിയാഴ്ചയും മതഗ്രന്ഥ പാരായാണവും ജുമാ നിസ്‌കാരവും നടന്നു. പരിസരവാസികളോ പ്രദേശത്തുള്ളവരോ പോലുമുള്ളവരല്ല നിസ്‌കാരത്തിനെത്തുന്നത്. ഇതേ തുടര്‍ന്ന് വീണ്ടും പൊലീസില്‍ വിവരമറിയിച്ചുവെങ്കിലും നിസ്‌കാരം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞശേഷമാണ് പൊലീസ് എത്തിയത്.

പരാതിക്കാര്‍ രേഖകള്‍ കൈമാറുകയും ദൃശ്യങ്ങളും ചിത്രങ്ങളും നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഷോപ്പിങ് കോംപ്ലക്സ് ഉടമയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

ഇതര ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച കെട്ടിടം ആരാധനാലയമാക്കി മാറ്റരുതെന്ന ഹൈക്കോടതിയുടെ 2022 ആഗസ്റ്റ് 26 ലെ വിധിയുടെ ലംഘനം കൂടിയാണ് ഈ ആസൂത്രിത നിസ്‌കാരമെന്നാണ് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.