ചെന്നൈ: വനിതാ ഏകദിന ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയെ പരാജയപ്പെടുത്തി ഇന്ത്യയെ വിജയത്തിലെത്തിച്ച ജമീമ റോഡ്രിഗ്സിനെതിരെ രൂക്ഷ വിമർശനവുമായി നടിയും തമിഴ്നാട്ടിലെ ബിജെപി നേതാവുമായ കസ്തൂരി ശങ്കര്‍. വിജയിച്ചതിനു പിന്നാലെ സമ്മാനദാന ചടങ്ങില്‍ യേശുവിന് നന്ദി പറഞ്ഞതിനാണ് ജമീമയ്ക്കെതിരെ കസ്തൂരി രംഗത്ത് എത്തിയത്. ഏതെങ്കിലും താരം ശ്രീരാമനോ ശിവനോ ആണ് തന്‍റെ ജയത്തിന് പിന്നിൽ എന്ന് പറഞ്ഞിട്ടുണ്ടോ എന്നാണ് കസ്തൂരി ചോദിക്കുന്നത്. എക്സിലൂടെയായിരുന്നു കസ്തൂരിയുടെ പ്രതികരണം.
യേശുവിന് പകരം ജയ് ശ്രീരാം എന്നായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ എന്താകുമായിരുന്നു. ഹിന്ദുക്കളുടെ വികാര പ്രകടനം ആണെങ്കിൽ പ്രതികരണങ്ങൾ ഉണ്ടാകുമായിരുന്നുവെന്നും താൻ കപട മതേതര വാദിയല്ലെന്നും കസ്തൂരി പോസ്റ്റിൽ കുറിച്ചു. ജമീമയെ ദൈവം അനുഗ്രഹിക്കട്ടെയെന്നും കസ്തൂരി കുറിച്ചു.
നേരത്തെ മുംബൈയിലെ ജിംഖാന ക്ലബ്ബിൻ്റെ പരിസരം മതപരിവർത്തന പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു എന്ന ആരോപണത്തെത്തുടർന്ന് ജമിമയുടെ കുടുംബത്തിന്റെ അംഗത്വം ക്ലബ് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ താരത്തിനും കുടുംബത്തിനും നേരെ സംഘപരിവര്‍ അനുയായികളില്‍ നിന്നു കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്.