വത്തിക്കാന്‍: അക്രമം തുടരുന്ന സുഡാനില്‍ അടിയന്തര വെടിനിര്‍ത്തലിനും മാനുഷിക ഇടനാഴികള്‍ തുറക്കുന്നതിനും മാര്‍പാപ്പയുടെ അഭ്യര്‍ഥന. ഡാര്‍ഫറിലെ അല്‍-ഫാഷിര്‍ നഗരത്തില്‍ നടക്കുന്ന ഭീകരമായ ക്രൂരതകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ താന്‍ അതീവ ദുഖത്തോടെയാണ് കാണുന്നതെന്നും ലിയോ പതിനാലാമന്‍ പാപ്പ വ്യക്തമാക്കി.
'സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ വിവേചന രഹിതമായ അക്രമം, പ്രതിരോധിക്കാന്‍ ശേഷിയില്ലാത്ത സാധാരണക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗുരുതരമായ തടസസങ്ങള്‍ എന്നിവ വളരെയധികം കഷ്ടപ്പാടുകള്‍ക്ക് കാരണമാകുന്നു' - പാപ്പ പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി നിര്‍ണായകമായും ഉദാരമായും പ്രവര്‍ത്തിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് അദേഹം ആഹ്വാനം ചെയ്തു.
അതേസമയം, ഡാര്‍ഫറിലെ സുഡാനീസ് സൈന്യത്തിന്റെ അവസാനത്തെ പ്രധാന കേന്ദ്രമായ അല്‍-ഫാഷിറിനെ അര്‍ധ സൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് കഴിഞ്ഞ മാസം അവസാനം പിടിച്ചെടുത്തപ്പോള്‍ സാധാരണക്കാരും നിരായുധരുമായ നൂറുകണക്കിന് പോരാളികളും കൊല്ലപ്പെട്ടിരിക്കാമെന്ന് യു.എന്‍ മനുഷ്യാവകാശ ഓഫീസ് പറഞ്ഞു.
സുഡാനില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട് രണ്ടര വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഏകദേശം ഒന്നര ലക്ഷം ആളുകള്‍ കൊല്ലപ്പെടുകയും 12 ദശലക്ഷത്തിലധികം പേര്‍ കുടിയിറക്കപ്പെടുകയും ചെയ്തു.