വാഷിങ്ടൺ : ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രിയപ്പെട്ടവരുടെ ഓർമ്മക്കായി ആചരിക്കുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് മരണദിനാഘോഷം. മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ ഈ ദിനം ആഘോഷിക്കുന്നത് മറ്റെവിടെയും കാണാത്ത വിചിത്രമായ രീതിയിൽ സെമിത്തേരികളിൽ ഭീമൻ വർണപ്പട്ടങ്ങൾ ഉയർത്തിയാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമായി കാണപ്പെടുന്ന ഈ പട്ടങ്ങൾ ഗ്വാട്ടിമാലയുടെ സാംസ്കാരിക പൈതൃകത്തിന്റെ അഭിമാനമാണ്.
ഓരോ വർഷവും നവംബർ ഒന്നിനും രണ്ടിനും രാജ്യത്തെ വിവിധ സെമിത്തേരികളിൽ നിറങ്ങളാൽ തിളങ്ങുന്ന ഭീമൻ പട്ടങ്ങൾ ആകാശത്തേക്ക് പറക്കും. മുളകളും വർണപ്പേപ്പറുകളും ഉപയോഗിച്ചാണ് ഈ പട്ടങ്ങൾ നിർമ്മിക്കുന്നത്. ചില പട്ടങ്ങൾക്ക് 20 മീറ്റർ വരെ വ്യാസമുണ്ടാകും. മായൻ സംസ്കാരത്തിലെ പ്രതീകങ്ങൾ, മതചിഹ്നങ്ങൾ, സമാധാന സന്ദേശങ്ങൾ, പ്രകൃതിയുടെ രൂപങ്ങൾ എന്നിവ മനോഹരമായി ചിത്രീകരിച്ചിരിക്കും. ചിലർ പട്ടങ്ങളുടെ വാലിൽ മരിച്ച പ്രിയപ്പെട്ടവർക്കുള്ള സന്ദേശങ്ങളും എഴുതാറുണ്ട്. ഇവ ആത്മാക്കളുമായി ആശയവിനിമയം നടത്താനും ദുരാത്മാക്കളെ അകറ്റിനിർത്താനും സഹായിക്കുമെന്നാണ് വിശ്വാസം.
മരണ ദിനത്തിൽ കുടുംബങ്ങൾ സെമിത്തേരികളിൽ ഒത്തുകൂടി കല്ലറകൾ വൃത്തിയാക്കി അലങ്കരിക്കും. മഞ്ഞ ക്രിസാന്തമം പൂക്കളാൽ കല്ലറകൾ ശോഭിപ്പിക്കും. മരിച്ചവർക്ക് ഇഷ്ടമായിരുന്ന ഭക്ഷണങ്ങളും പാനീയങ്ങളും കല്ലറയ്ക്കരികിൽ വെക്കും. കുടുംബാംഗങ്ങൾ ഓർമ്മകൾ പങ്കുവെച്ചും സംഗീതം ആസ്വദിച്ചും ഉത്സവമാക്കും.
മരണത്തെ ഭയത്തോടെയല്ല ജീവിതത്തിന്റെ സ്വാഭാവിക ഭാഗമായി കാണുന്ന സാംസ്കാരിക സമീപനമാണ് ഈ ആഘോഷം പ്രതിഫലിപ്പിക്കുന്നത്. ഗ്വാട്ടിമാലയിലെ ഈ ഭീമൻ പട്ടങ്ങളുടെയും അതുമായി ബന്ധപ്പെട്ട കലാരീതികളുടെയും പാരമ്പര്യം യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.