ഐഡിഎഫ്ഐ പോപ്പുലര്‍ ഫ്രണ്ടിന്റെ പുതിയ രൂപമെന്ന് സൂചന; ബിഷപ്പിനയച്ച ഭീഷണിക്കത്തില്‍ പിഎഫ്ഐയുടെ തുടര്‍ച്ചയെന്ന് അവകാശവാദം

ഐഡിഎഫ്ഐ പോപ്പുലര്‍ ഫ്രണ്ടിന്റെ പുതിയ രൂപമെന്ന്  സൂചന;  ബിഷപ്പിനയച്ച ഭീഷണിക്കത്തില്‍ പിഎഫ്ഐയുടെ തുടര്‍ച്ചയെന്ന് അവകാശവാദം

കോഴിക്കോട്: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) തുടര്‍ച്ചയെന്ന് അവകാശപ്പെട്ട് ഇസ്ലാമിക് ഡിഫന്‍സ് ഫോഴ്സ് ഓഫ് ഇന്ത്യ (ഐഡിഎഫ്ഐ) എന്ന പേരില്‍ സംഘടന.

കഴിഞ്ഞ ദിവസം താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലിന് ലഭിച്ച ഭീഷണിക്കത്തിലാണ് പുതിയ സംഘടനയുടെ പേരും പിഎഫ്ഐയുടെ പിന്തുടര്‍ച്ചക്കാരെന്ന അവകാശവാദവുമുള്ളത്.

പിഎഫ്ഐ നിരോധിക്കപ്പെട്ടതിന് ശേഷവും അവരുടെ പോഷക സംഘടനകള്‍ പലതും സജീവമായി തന്നെ രംഗത്തുണ്ട്. കൂടാതെ സിപിഎമ്മിലും മുസ്ലിം ലീഗിലുമൊക്കെ നുഴഞ്ഞുകയറി ഇവര്‍ ഭീകരവാദ അജണ്ടകള്‍ നടപ്പാക്കുകയും ചെയ്തു വരുന്നു. ഇതിനിടയിലാണ് ഐഡിഎഫ്ഐ എന്ന പേരില്‍ പിഎഫ്ഐയുടെ തുടര്‍ പ്രവര്‍ത്തനം നടന്നു വരുന്നതായി ബിഷപ്പിനയച്ച കത്തില്‍ പരാമര്‍ശമുള്ളത്.

പിഎഫ്ഐയുടെ ആശയങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കത്തില്‍ വ്യക്തമായി പറയുന്നുണ്ട്. പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലുണ്ടായ ഹിജാബ് വിവാദം തങ്ങള്‍ സൃഷ്ടിച്ചതാണെന്നും കത്തില്‍ പറയുന്നു.

കേരളത്തിന്റെ റവന്യൂ വരുമാനത്തില്‍ 90 ശതമാനം നല്‍കുന്നത് ഇസ്ലാമിക വിഭാഗത്തില്‍ നിന്നുള്ളവരാണ്. അതിനാല്‍ വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 70 ശതമാനം മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ക്ക് സംവരണം നല്‍കണം.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബാങ്ക് വിളി അടക്കമുള്ള മുസ്ലിം മതാചാരങ്ങള്‍ അനുവദിക്കണമെന്നും അല്ലാത്തവര്‍ക്ക് എന്‍എസ്എസ്, എസ്എന്‍ഡിപി, ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ പോയി പഠിക്കാമെന്നും കത്തില്‍ പറയുന്നുണ്ട്.

ഇടത്-വലത് രാഷ്ട്രീയ നേതൃത്വവുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയും അവര്‍ ഇത് തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ജൂതന്മാര്‍, ക്രിസ്ത്യാനികള്‍, ആര്‍എസ്എസുകാര്‍, ബിജെപിക്കാരെല്ലാം നശിപ്പിക്കപ്പെടേണ്ടവരാണെന്നും കത്തില്‍ പറയുന്നു.

'ശബരിമലയിലെ സ്വര്‍ണ മോഷണത്തോടനുബന്ധിച്ച് കേരളത്തില്‍ മാറി വരുന്ന ജനവികാരം കണക്കിലെടുത്ത് ഞങ്ങള്‍ മുന്‍പ് പറഞ്ഞുറപ്പിച്ച വ്യവസ്ഥകളില്‍ നിന്ന് മാറ്റം വന്നിട്ടുണ്ടോ എന്നറിയുന്നതിന് വേണ്ടി ഞങ്ങളാല്‍ സ്പോണ്‍സര്‍ ചെയ്യപ്പെട്ട ഒരു പ്രോഗ്രാം ആയിരുന്നു പള്ളുരുത്തി ഹിജാബ് പ്രശ്നം. ആയതിന് സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇത് തുടരണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു'- കത്ത് തുടരുന്നു.

തൃശൂര്‍ ടൗണിലെ ലൂര്‍ദ്ദ് മാതാ പള്ളി, വയനാട് ചുണ്ടയിലെ ആര്‍സി പള്ളി, സ്‌കൂള്‍ എന്നിവയെല്ലാം തങ്ങളുടെ ഖബര്‍സ്ഥാന്‍ കൈയേറി ഉണ്ടാക്കിയതാണെന്നും എപ്പോഴായാലും അതെല്ലാം തിരിച്ചു തരേണ്ടിവരുമെന്നും കത്തില്‍ പറയുന്നു. 'അബ്ദുള്‍ റഷീദ്, പിആര്‍ഒ, ഐഎഫ്ഡിഐ, ഈരാറ്റുപേട്ട' എന്ന് കത്തിന്റെ അടിയില്‍ എഴുതിയിട്ടുണ്ട്. ബിഷപ്പ് ഹൗസില്‍ തപാലില്‍ ലഭിച്ച കത്ത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.