പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഡിസിസി നിര്‍ദേശിച്ചത് കെ മുരളീധരനെ. ഡിസിസി ദേശീയ നേതൃത്വത്തിന് അയച്ച കത്ത് പുറത്തായി. കെ. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം ബിജെപിയെ തോല്‍പ്പിക്കാന്‍ ഗുണം ചെയ്യുമെന്ന് കത്തില്‍ പറയുന്നു. മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണം ചൂടുപിടിച്ചു നടക്കുന്നതിനിടെയാണ് കത്ത് പുറത്തായത്.
രണ്ട് പേജുള്ള കത്തിന്റെ ഒരു ഭാഗമാണ് പുറത്ത് വന്നത്. ഡിസിസി ഭാരവാഹികള്‍ ഒരുമിച്ചെടുത്ത തീരുമാനമാണ് ഇതെന്നും പാലക്കാട് സീറ്റ് നിലനിര്‍ത്താന്‍ കെ. മുരളീധരനാണ് യോഗ്യനെന്നും കത്തില്‍ പറയുന്നു. എന്നാല്‍ പുറത്തുവന്ന ഭാഗത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം പുറത്ത് വന്ന കത്തിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി.
അതൊക്കെ കഴിഞ്ഞു പോയ അധ്യായമാണെന്നും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അവസരം കൊടുക്കണമെന്ന ആവശ്യമുണ്ടായിരുന്നുവെന്നും അതാണ് പരിഗണിച്ചതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കത്ത് പുറത്തുവന്നതില്‍ പ്രതികരണവുമായി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. കെ. മുരളീധരന്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരിക്കാന്‍ യോഗ്യനായ വ്യക്തി തന്നെയാണ്. യുഡിഎഫിനകത്ത് ഇത്തരത്തില്‍ പല പേരുകളും പരിഗണിക്കപ്പെട്ടിട്ടുണ്ടാകാമെന്നും കത്തില്‍ താന്‍ മോശം സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞിട്ടുണ്ടോ എന്നും രാഹുല്‍ ചോദിച്ചു.
കെ. മുരളീധരന്റെ പേര് നിര്‍ദേശിച്ച് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ ദേശീയ നേതൃത്വത്തിന് അയച്ച കത്താണ് പുറത്തായത്. പാലക്കാട് സീറ്റ് നിലനിര്‍ത്താന്‍ കെ. മുരളീധരനാണ് യോഗ്യനെന്നും ബിജെപിയെ തോല്‍പ്പിക്കാന്‍ മുരളീധരന്റെ സ്ഥാനാര്‍ഥിത്വം ഗുണം ചെയ്യുമെന്നും കത്തില്‍ പറയുന്നു.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയര്‍മാനുമായ വി.ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുമുള്ള ദീപ ദാസ് മുന്‍ഷി എന്നിവര്‍ക്കൊപ്പം എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനും അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്.
പാലക്കാട് ബിജെപിയെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണെന്നും കത്തില്‍ പറയുന്നു. പാലക്കാട് നിയോജക മണ്ഡലത്തില്‍ താഴേത്തട്ടിലടക്കം ജനപിന്തുണ നേടിയെടുക്കാന്‍ മികച്ച സ്ഥാനാര്‍ത്ഥി തന്നെ വേണം. ഇടത് അനുഭാവികളുടെ അടക്കം വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥി വന്നാലേ മണ്ഡലത്തില്‍ ജയിക്കാനാവൂ.
മണ്ഡലത്തിലെ താഴേത്തട്ടിലടക്കം വിശദമായ പരിശോധന ഇക്കാര്യത്തില്‍ നടത്തി അഭിപ്രായം തേടിയ ശേഷം ഡിസിസി ഐകകണ്‌ഠേന കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. പാലക്കാട് ബിജെപിയെ പരാജയപ്പെടുത്തുന്നതില്‍ ഒരു തരത്തിലും പരീക്ഷണം നടത്താന്‍ സാധിക്കില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയാണ് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചത്. ഈ ആവശ്യം ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു.