തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം. അടുത്ത നാല് ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലര്‍ട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ദാന ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്തും അതിശക്തമായ മഴ ലഭിച്ചിരുന്നു.
അടുത്ത മൂന്ന് മണിക്കൂറില്‍ (പുലര്‍ച്ചെ 4 മണിയ്ക്ക് പ്രഖ്യാപിച്ചത്)തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യ ബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മാലിദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടില്ല.