കൊച്ചി: ചികിത്സപ്പിഴവുണ്ടായി എന്ന പരാതിയില്‍ നഴ്സുമാരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടി പാടില്ലെന്ന് ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കി മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.
ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ താല്‍കാലിക നഴ്സായിരുന്ന യുവതിയുടെ പേരില്‍ മനപൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് ഉത്തരവ്. പത്ത് വയസുള്ള കുട്ടിക്ക് ചികിത്സനല്‍കുന്നതില്‍ വീഴ്ചയുണ്ടായി എന്നായിരുന്നു പരാതി.
രോഗീപരിചരണത്തിനായി രാവും പകലും പ്രവര്‍ത്തിക്കുന്ന നഴ്സുമാരുടെ സേവനം അംഗീകരിക്കപ്പെടണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ചികിത്സപ്പിഴവിനെക്കുറിച്ചുള്ള പരാതിയില്‍ ഡോക്ടര്‍മാരുടെ പേരില്‍ കേസെടുക്കുന്നതിന് മുന്‍പ് വിദഗ്ധാഭിപ്രായം തേടണമെന്ന് സുപ്രീം കോടതി നിര്‍ദേശമുണ്ട്. സമാന പരിരക്ഷ നഴ്സുമാര്‍ക്കും ഉറപ്പാക്കണം. ഡോക്ടര്‍മാരുടെ കാര്യത്തില്‍ 2008 ല്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന് സമാനമായ സര്‍ക്കുലര്‍ പുറപ്പെടുവിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.