മുതലപ്പൊഴിക്ക് ശാപമോക്ഷമാകുന്നു; 177 കോടിയുടെ ഫിഷിങ് ഹാര്‍ബറിന് കേന്ദ്ര അനുമതിയെന്ന് മന്ത്രി ജോര്‍ജ് കുര്യന്‍

മുതലപ്പൊഴിക്ക് ശാപമോക്ഷമാകുന്നു;  177 കോടിയുടെ ഫിഷിങ് ഹാര്‍ബറിന് കേന്ദ്ര അനുമതിയെന്ന് മന്ത്രി ജോര്‍ജ് കുര്യന്‍

തിരുവനന്തപുരം: മുതലപ്പൊഴി ഹാര്‍ബര്‍ വികസനത്തിന് കേന്ദ്രത്തിന്റെ അനുമതി. കേന്ദ്ര ഫിഷറീഷ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജോര്‍ജ് കുര്യന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ ഡിപിആറിന്റെ അടിസ്ഥാനത്തില്‍ 177 കോടി രൂപയുടെ പദ്ധതിക്ക് 60:40 അനുപാതത്തിലാണ് അംഗീകാരം നല്‍കിയത്. 177 കോടിയില്‍ 106.2 കോടി കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന വഴിയാണ് നല്‍കുന്നത്. കേരളത്തിന്റെ വിഹിതം 70.80 കോടിയാണ്.

മുതലപ്പൊഴി ഫിഷിങ് ഹാര്‍ബറിന്റെ വിപുലീകരണത്തോടെ 415 യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ സൗകര്യം ഉണ്ടായിരിക്കും. അതുവഴി പ്രതിവര്‍ഷം 38142 മെട്രിക് ടണ്‍ മത്സ്യം ഇറക്കാന്‍ സാധിക്കും. ഈ പദ്ധതി കൊണ്ട് ഏകദേശം 10,000 ത്തോളം ആളുകള്‍ക്ക് നേരിട്ടും അത്രയും തന്നെ പേര്‍ക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ പദ്ധതിയില്‍ ജല കര സൗകര്യ വികസനവും ഉള്‍പ്പെടുന്നു. ഇതില്‍ 164 കോടി രൂപ ചിലവഴിച്ച് സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ജോലികളായ പുലിമുട്ട് വിപുലീകരണം, ഇന്റേണല്‍ റോഡ് നവീകരണം, പാര്‍ക്കിംഗ് ഏരിയ, പുതിയ ഡ്രെയിനേജ്, ലോഡിംഗ് ഏരിയ നവീകരണം, വാര്‍ഫ് വിപുലീകരണം, ലേല ഹാള്‍, ഓവര്‍ഹെഡ്വാട്ടര്‍ ടാങ്ക് നിര്‍മ്മാണം, തൊഴിലാളികളുടെ വിശ്രമ കേന്ദ്രം, കടകള്‍, ഡോര്‍മിറ്ററി, ഗേറ്റ്, ലേല ഹാള്‍, ലാന്‍ഡ്സ്‌കേപ്പിംഗ് തുടങ്ങിയവ പൂര്‍ത്തികരിക്കും.

കൂടാതെ നിലവിലുള്ള ഘടനകളുടെ നവീകരണം, വൈദ്യുതീകരണം, യാര്‍ഡ് ലൈറ്റിംഗ്, പ്രഷര്‍ വാഷറുകള്‍, ക്ലീനിംഗ് ഉപകരണങ്ങള്‍ നിരീക്ഷണ സംവിധാനം സ്ഥാപിക്കല്‍, നാവിഗേഷന്‍ ലൈറ്റ്, മെക്കാനിക്കല്‍ കണ്‍വെയര്‍ സിസ്റ്റം ആന്‍ഡ് ഓട്ടോമേഷന്‍ മുതലായവയും നടത്തും. ബാക്കി 13 കോടി സ്മാര്‍ട്ട് ഗ്രീന്‍ തുറമുഖം, തീരദേശ സംരക്ഷണം എന്നിവക്കായി ഉപയോഗിക്കും. മുതലപ്പൊഴി തുറമുഖത്തിന്റെ വിപുലീകരണ പദ്ധതി ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മുതലപ്പൊഴിയില്‍ ആവര്‍ത്തിച്ചുള്ള അപകട സാധ്യതകള്‍ പരിഹരിക്കുന്നതിനായി പൂനെയിലെ CWPRS (Central Water And Power Research Station)  ശാസ്ത്രീയവും ഗണിതശാസ്ത്ര മാതൃകാ പഠനങ്ങളിലൂടെ തിരമാല പരിവര്‍ത്തനം, തീരത്തെ മാറ്റങ്ങള്‍, ഹൈഡ്രോഡൈനാമിക്സ്, സെഡിമെന്റേഷന്‍ എന്നിവ നിരീക്ഷിച്ചതിനു ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

അതേസമയം നിര്‍മാണത്തിനാവശ്യമായ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ പഠനം നടത്തിയത് കേരള സര്‍ക്കാര്‍ ആണ്. മുതലപ്പൊഴി ഫിഷിംഗ് ഹാര്‍ബറില്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആ വശ്യമായ എല്ലാ നടപടികളും മുന്‍കരുതലുകളും സ്വീകരിക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.