ആലപ്പുഴ: മുണ്ടക്കൈ, ചൂരല്‍മല ദുരന്തങ്ങള്‍ ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് സഹായമൊന്നും നല്‍കിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 78-ാമത് പുന്നപ്ര-വയലാര്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദുരന്ത സ്ഥലം സന്ദര്‍ശിച്ചപ്പോഴും ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് പ്രത്യേക സഹായം അഭ്യര്‍ഥിച്ചിരുന്നു. പ്രത്യേക പാക്കേജ് വേണമെന്നും പറഞ്ഞിരുന്നു. പരിശോധനയ്ക്കു ശേഷം തരാമെന്ന് പറഞ്ഞു. പരിശോധന നടന്നു. അതിന് ചുമതലപ്പെടുത്തിയ സംഘം ഇവിടെ വന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് കൊടുത്തു. പക്ഷെ ഇതേവരെ സഹായമൊന്നും ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിന് ശേഷം ദുരന്തങ്ങളുണ്ടായ മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. അത് നല്ല കാര്യമാണ്. ആ നല്ല കാര്യം കേരളത്തിനും അര്‍ഹതപ്പെട്ടതല്ലേ. എന്തേ കേരളത്തിന് സഹായം നല്‍കാത്തത്. സ്വാഭാവികമായും അതിന്റെതായ അമര്‍ഷവും പ്രതിഷേധവും കേരളത്തിലുണ്ടാകുമല്ലോയെന്നും അദേഹം പറഞ്ഞു.
നമുക്ക് നേരത്തെയും അനുഭവം ഉള്ളതാണ്. കടുത്ത ദുരന്തം നമ്മള്‍ നേരത്തെയും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ആ ഘട്ടത്തില്‍ സഹായം നിഷേധിക്കുകയായിരുന്നു. ഇത്തവണ ആ നിഷേധാത്മക മീപനം ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ ഇതേവരെ ഒന്നും സംഭവിച്ചിട്ടില്ല. ദുരന്തം ഏറ്റുവാങ്ങുന്നത് നമ്മളാണ്. ദുരന്തത്തിന് ഇരയാകുന്നത് നമ്മുടെ സഹോദരങ്ങളും നാടിന്റെ ഒരു ഭാഗവുമാണ്. അത് അങ്ങനെ അവിടെ നിന്നോട്ടെ എന്ന നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. ആ സ്ഥലം ഉടന്‍ ഏറ്റെടുക്കും. കേന്ദ്രത്തില്‍ നിന്ന് സഹായം ലഭിച്ചാലും ഇല്ലെങ്കിലും അവരെ കയ്യൊഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.