ന്യൂഡല്‍ഹി: ഗഗന്‍യാന്റെ വിക്ഷേപണം പ്രതീക്ഷിച്ചതുപോലെ 2025 ല്‍ പ്രാവര്‍ത്തികമാകില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. 2026 ല്‍ വിക്ഷേപണം സാധ്യമാകുമെന്നും അദേഹം പറഞ്ഞു. വിക്ഷേപണം മാറ്റാനുള്ള കാരണം എന്താണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ 2025 നുള്ളില്‍ യാഥാര്‍ഥ്യമാക്കാനുള്ള ഊര്‍ജിത ശ്രമത്തിലായിരുന്നു ഐഎസ്ആര്‍ഒ. ആകാശവാണിയില്‍ സര്‍ദാര്‍ പട്ടേല്‍ സ്മാരക പ്രഭാഷണത്തിനിടെയാണ് സോമനാഥ്, ഗഗന്‍യാന്‍ വിക്ഷേപണ സമയ മാറ്റം അറിയിച്ചത്.
ഐഎസ്ആര്‍ഒയുടെ ഏറ്റവും വലിയ ദൗത്യങ്ങളിലൊന്നാണ് ഗഗന്‍യാന്‍. മൂന്നംഗ സംഘത്തെ മൂന്ന് ദിവസത്തെ ദൗത്യത്തിനായി 400 കിലോ മീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കുകയും അവരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നതാണ് ദൗത്യം. എച്ച്എല്‍വിഎം3 റോക്കറ്റിലാണ് ഗഗന്‍യാന്‍ വിക്ഷേപിക്കുക.
2026 ല്‍ നടക്കുന്ന മനുഷ്യനെ വഹിച്ചുള്ള ദൗത്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗഗന്‍യാന്‍ 1 (ജി1), ഗഗന്‍യാന്‍ 2 (ജി2) എന്നീ രണ്ട് ആളില്ലാ പരീക്ഷണ ദൗത്യങ്ങള്‍ ഐഎസ്ആര്‍ഒ ആവിഷ്‌കരിച്ചിട്ടുണ്ട്. ജി1 ഈ വര്‍ഷം അവസാനത്തോടെ പരീക്ഷിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ജി2 2025 ല്‍ ആയിരിക്കും പരീക്ഷിക്കുക. പുതിയ സാഹചര്യത്തില്‍ ഇവയുടെ വിക്ഷേപണം വൈകുമോയെന്ന് വ്യക്തമല്ല.
യഥാര്‍ഥ ഗഗന്‍യാന്‍ ദൗത്യപേടകത്തിന്റെ അതേ വലുപ്പത്തിലും മാതൃകയിലുള്ളതായിരിക്കും ഇരു പരീക്ഷണ ദൗത്യങ്ങളിലും ഉപയോഗിക്കുന്ന പേടകങ്ങള്‍. റോബോട്ടിക് സ്വഭാവത്തിലുള്ള ഹ്യൂമനോയ്ഡ് വ്യോംമിത്രയെ അയച്ചു കൊണ്ടുള്ളതാണ് രണ്ടാമത്തെ പരീക്ഷണ ദൗത്യം. അന്തിമ ദൗത്യത്തില്‍ പുറപ്പെടുന്ന ബഹിരാകാശ യാത്രികരുടെ സുരക്ഷ പരിശോധിക്കുന്നതിനാണ് ആദ്യ രണ്ട് പരീക്ഷണങ്ങളും നടത്തുന്നത്.
പാലക്കാട് സ്വദേശിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ അടക്കം വ്യോമസേനയില്‍ നിന്നുള്ള മൂന്ന് പേരാണ് ഇന്ത്യയുടെ പ്രഥമ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗന്‍യാനിലെ സഞ്ചാരികള്‍. ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ല എന്നാണ് സംഘത്തിലെ മറ്റുള്ളവര്‍.
ഐഎസ്ആര്‍ഒയും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും സംയുക്തമായി പ്രാവര്‍ത്തികമാക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹമായ നിസാര്‍ അടുത്ത വര്‍ഷം വിക്ഷേപിക്കുമെന്ന് സോമനാഥ് അറിയിച്ചു.
നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് അപറേച്ചര്‍ റഡാര്‍ എന്നാണ് പൂര്‍ണ പേര്. നാസ നിര്‍മിച്ച ഉപഗ്രഹം ഐഎസ്ആര്‍ഒയാണ് വിക്ഷേപിക്കുന്നത്. ഡിസംബറില്‍ ലക്ഷ്യമിട്ടിരുന്ന വിക്ഷേപം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മാറ്റിയത്. ഏറ്റവും ചെലവേറിയ ഈ ഭൗമ നിരീക്ഷണമാണ് നിസാര്‍. 150 കോടി യുഎസ് ഡോളറാണ് ചെലവ്.