പത്തനംതിട്ട: ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടു. ഭര്‍ത്താവിന്റെ മരണ ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോന്നി തഹസീല്‍ദാര്‍ കൂടിയിയ മഞ്ജുഷ.
ദിവ്യയ്ക്ക് പരമാവധി ശിക്ഷ ലഭിക്കണം. ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഞങ്ങളുടെ ആളുകള്‍ ചെല്ലുന്നതിന് മുമ്പേ തന്നെ നവീന്‍ ബാബുവിന്റെ ഇന്‍ക്വസ്റ്റും പോസ്റ്റ് മോര്‍ട്ടവും നടത്തി. അതില്‍ വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കേണ്ടതാണെന്നും മഞ്ജുഷ പറഞ്ഞു.
സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗമാണ് നടന്നത്. ആ സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഇടപെടേണ്ടതായിരുന്നു. യോഗത്തില്‍ ദിവ്യയെ കൊണ്ടു വന്നിരുത്തി സംസാരിപ്പിക്കുകയോ, ലോക്കല്‍ ചാനലിനെ കൊണ്ടു വന്ന് റെക്കോര്‍ഡ് ചെയ്യിപ്പിക്കുകയോ ചെയ്തത് ശരിയായില്ല.
കളക്ടര്‍ ആയിരുന്നു യോഗത്തിന്റെ അധ്യക്ഷന്‍. ദിവ്യ പങ്കെടുക്കുമെന്ന കാര്യം കളക്ടര്‍ക്ക് നേരത്തെ അറിയാമായിരുന്നോ എന്ന ചോദ്യത്തിന്, കളക്ടറേറ്റിലെ ജീവനക്കാരോട് മാധ്യമങ്ങള്‍ അന്വേഷിക്കണം. തനിക്ക് ഇതില്‍ വ്യക്തമായ അറിവില്ല എന്നായിരുന്നു മഞ്ജുഷയുടെ മറുപടി.
ഈ വേദിയിലല്ല അത് സംസാരിക്കേണ്ടതെന്ന് കളക്ടര്‍ക്ക് പറയാമായിരുന്നു. കളക്ടര്‍ക്ക് വേറെ വേദിയൊരുക്കാമായിരുന്നു. റവന്യൂ വകുപ്പില്‍ ഏറ്റവും നല്ല നിലയില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബു. ഇക്കാര്യം റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാം അറിയാം.
പമ്പുമായി ബന്ധപ്പെട്ട് തന്നോടൊന്നും പറഞ്ഞിട്ടില്ല. മനപ്പൂര്‍വം ഫയല്‍ താമസിപ്പിച്ചിട്ടില്ലെന്ന് പിന്നീട് തെളിഞ്ഞില്ലേ. നവീന്‍ ബാബുവിനെ മരണ ശേഷം മോശക്കാരനാക്കാന്‍ സോഷ്യല്‍മ ീഡിയയിലൂടെ ശ്രമിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന്, അതെല്ലാം നിങ്ങളെല്ലാം കണ്ടുകൊണ്ടിരിക്കുന്നതല്ലേയെന്ന് മഞ്ജുഷ പ്രതികരിച്ചു.
ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ തീര്‍ച്ചയായും അറസ്റ്റ് ചെയ്തേ പറ്റൂ. ആത്മഹത്യയെങ്കില്‍ നോട്ട് ഉണ്ടാകേണ്ടതാണ്. പ്രതിയെ തീര്‍ച്ചയായും അറസ്റ്റ് ചെയ്യണം. കേസില്‍ നിയമ പോരാട്ടത്തിനായി ഏതറ്റം വരെയും പോകുമെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.
എഡിഎമ്മിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ ആഗ്രഹിച്ച വിധിയാണെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു. കേസില്‍ ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ തുടക്കം മുതലേ യാതൊരു വിലക്കുമില്ലായിരുന്നുവെന്നും അദേഹം പറഞ്ഞു.