ഓസ്‌ട്രേലിയയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പത്തില്‍ ഒന്നിലേറെ പേര്‍ ലിംഗ പ്രതിസന്ധി നേരിടുന്നതായി സര്‍വേ; ആശങ്കയില്‍ മാതാപിതാക്കള്‍

ഓസ്‌ട്രേലിയയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പത്തില്‍ ഒന്നിലേറെ പേര്‍ ലിംഗ പ്രതിസന്ധി നേരിടുന്നതായി സര്‍വേ; ആശങ്കയില്‍ മാതാപിതാക്കള്‍

സിഡ്നി: ഓസ്ട്രേലിയയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ലിംഗ വ്യക്തിത്വം സംബന്ധിച്ച് നടത്തിയ സര്‍വേയില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍. പത്തില്‍ ഒന്നിലേറെ കൗമാരക്കാര്‍ തങ്ങള്‍ ഗേ, ബൈസെക്ഷ്വല്‍, പാന്‍സെക്ഷ്വല്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരാണെന്ന് അവകാശപ്പെടുന്നതായി സിഡ്‌നി സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ സര്‍വേയില്‍ പറയുന്നു. സര്‍വേ ഫലം ദി ഗാര്‍ഡിയന്‍, എ.ബി.സി അടക്കമുള്ള മാധ്യമങ്ങളാണ് പുറത്തുവിട്ടത്.

എട്ടാം ക്ലാസില്‍ പഠിക്കുന്ന 6,388 വിദ്യാര്‍ത്ഥികളിലാണ് സര്‍വേ നടത്തിയത്. 2019 നും 2021 നും ഇടയിലായിരുന്നു പഠനം. കൗമാരക്കാരില്‍ 3.3 ശതമാനം തങ്ങള്‍ വ്യത്യസ്ത ലിംഗ വ്യക്തിത്വമുള്ളവരാണെന്ന് അവകാശപ്പെടുന്നു. ഇവര്‍ക്കെതിരേയുള്ള വിവേചനവും അക്രമങ്ങളും തടയാനും വേണ്ട പിന്തുണ നല്‍കാനും സ്‌കൂളില്‍ കൂടുതല്‍ സേവനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.

അതേസമയം, ഇത്തരം വ്യത്യസ്ത ലൈംഗിക ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളെ പിന്തണുയ്ക്കുന്നുവെന്ന മട്ടില്‍ സ്വവര്‍ഗാനുരാഗം ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ക്ക് സ്‌കൂളുകളില്‍ വലിയ പ്രാധാന്യം നല്‍കുന്നതിനെ മാതാപിതാക്കളും എതിര്‍ക്കുന്നു. കുട്ടികള്‍ ഇത്തരം സവിശേഷതകള്‍ പ്രകടിപ്പിക്കുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതില്‍ സര്‍ക്കാരുകളും വിവിധ ഏജന്‍സികളും പരാജയപ്പെടുന്നു.

സമൂഹത്തില്‍ ലിംഗപരമായ പ്രത്യയശാസ്ത്രങ്ങള്‍ക്ക് ലഭിക്കുന്ന അമിത പ്രാധാന്യം കുട്ടികളെ സ്വാധീനിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് മാതാപിതാക്കള്‍ കുറ്റപ്പെടുന്നു. കാരണം കണ്ടെത്താതെ അവരിലുണ്ടാകുന്ന ലിംഗപരമായ സ്വഭാവ വ്യത്യാസങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍ അല്ലെങ്കില്‍ നോണ്‍-ബൈനറി എന്ന് അവകാശപ്പെടുന്ന കൗമാരക്കാര്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇവര്‍ക്ക് മികച്ച കൗണ്‍സിലിങ് നല്‍കി സ്വഭാവിക ജീവിത രീതിയിലേക്കു കൊണ്ടുവരുന്നതിനു പകരം അവരില്‍ അശാസ്ത്രീയമായ ലിംഗപരമായ പ്രത്യയശാസ്ത്രങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനുള്ള നീക്കങ്ങളാണ് സ്‌കൂളുകളില്‍ നടക്കുന്നത്. സാംസ്‌കാരിക മൂല്യങ്ങളെ പാടേ ഇല്ലാതാക്കാന്‍ മാത്രം പ്രഹരശേഷിയുള്ളതാണ് ഇത്തരം പ്രത്യയശാസ്ത്രങ്ങളെന്ന് മാതാപിതാക്കള്‍ കുറ്റപ്പെടുത്തുന്നു.

ചെറുപ്പം മുതലേ വൈവിധ്യമാര്‍ന്ന ലിംഗ സ്വത്വങ്ങളെക്കുറിച്ച് അവബോധം പകരുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആരോഗ്യ നയങ്ങള്‍ വേണമെന്നാണ് പഠനത്തിനു നേതൃത്വം നല്‍കിയ സിഡ്‌നി സര്‍വകലാശാലയിലെ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ഡോ. ജെന്നിഫര്‍ മാരിനോ പറയുന്നത്. ഇക്കാലത്ത് മിക്ക കുട്ടികളും അവരുടെ ലിംഗ വ്യക്തിത്വത്തെക്കുറിച്ച് ചെറുപ്പം മുതല്‍ തന്നെ ചിന്തിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നതായി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

ന്യൂസിലന്‍ഡിലും അമേരിക്കയിലും മുമ്പ് നടത്തിയ ഗവേഷണങ്ങളെ അപേക്ഷിച്ച് ഓസ്ട്രേലിയയില്‍ ലിംഗ വ്യത്യാസം പ്രകടിപ്പിക്കുന്ന കൗമാരക്കാരുടെ എണ്ണം വര്‍ധിച്ചതായും പുതിയ പഠനത്തില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.