ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിനിടെ അമേരിക്ക മടക്കി അയച്ചത് 1100 ഇന്ത്യക്കാരെ. ഒക്ടോബര്‍ 2023 മുതല്‍ സെപ്റ്റംബര്‍ 2024 വരെയുള്ള കണക്കാണിത്. ഒക്ടോബര്‍ 22 ന് മാത്രം 100 പേരടങ്ങുന്ന സംഘത്തെ പ്രത്യേകം വിമാനത്തില്‍ അമേരിക്ക ഇന്ത്യയിലേക്ക് മടക്കി അയച്ചിരുന്നു.
കുറച്ച് വര്‍ഷമായി അനധിക കുടിയേറ്റം രാജ്യത്ത് വര്‍ധിച്ചുവരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് യു.എസ് ഡിപ്പാര്‍ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അസിസ്റ്റന്‍ഡ് സെക്രട്ടറി റോയ്സ് മ്യൂരെ ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ മാസത്തിലാണ് 2024 ലെ സാമ്പത്തിക വര്‍ഷം അവസാനിച്ചത്. ഈ കാലയളവില്‍ മാത്രം 1100 ഇന്ത്യക്കാരെ തിരിച്ചയച്ചു. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വലിയ വര്‍ധനയാണെന്നും അദേഹം ചൂണ്ടിക്കാട്ടി. തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരില്‍ പുരുഷന്‍മാരും സ്ത്രീകളുമുണ്ട്. കൂടുതലും യുവാക്കളാണ്.
പഠനത്തിനും മറ്റുമായി എങ്ങനെയെങ്കിലും അമേരിക്കയിലെത്തണമെന്ന ലക്ഷ്യത്തോടെയാണ് യുവാക്കളില്‍ മിക്കവരും എത്തുന്നത്. ഇവരെ ലക്ഷ്യമിട്ട് മനഷ്യക്കടത്തുകാരും അനധികൃത ട്രാവല്‍ ഏജന്‍സികളും വലിയ രീതിയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ കൃത്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി മാത്രമേ ഇത്തരത്തിലുള്ള വിസയ്ക്ക് അപേക്ഷിക്കാന്‍ പാടുള്ളൂവെന്നും റോയ്സ് മ്യൂരെ വ്യക്തമാക്കി.