'ഇന്ത്യയ്ക്കെതിരായ വിവരങ്ങള്‍ വാഷിങ്ടണ്‍ പോസ്റ്റിന് ചോര്‍ത്തി നല്‍കി'; ഒടുവില്‍ കുറ്റസമ്മതം നടത്തി കനേഡിയന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ്

'ഇന്ത്യയ്ക്കെതിരായ വിവരങ്ങള്‍ വാഷിങ്ടണ്‍ പോസ്റ്റിന് ചോര്‍ത്തി നല്‍കി'; ഒടുവില്‍ കുറ്റസമ്മതം നടത്തി കനേഡിയന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ്

ഒട്ടാവ: ഇന്ത്യയ്ക്കെതിരായ ഇന്റലിജന്‍സ് വിവരങ്ങള്‍ അമേരിക്കന്‍ മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റിന് ചോര്‍ത്തി നല്‍കിയത് താനാണെന്ന് സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സുരക്ഷാ ഉപദേഷ്ടാവ് നതാലിയ ഡ്രൗവിന്‍.

ഇന്ത്യന്‍ സര്‍ക്കാരിനും കാനഡയിലെ പൊതുജനങ്ങള്‍ക്കും കൈമാറുന്നതിന് മുമ്പാണ് നതാലിയ ഡ്രൗവിന്‍ ഈ വിവരങ്ങള്‍ വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയത്. കാനഡയില്‍ നടന്ന ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിലും കൊള്ളയിലുമെല്ലാം ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന അടിസ്ഥാന രഹിതമായ ഇന്റലിജന്‍സ് വിവരങ്ങളാണ് നതാലിയ വാഷിങ്ടണ്‍ പോസ്റ്റിന് ചോര്‍ത്തി നല്‍കിയതെന്ന് ആരോപണമുണ്ട്.

കാനഡയില്‍ ഇന്ത്യയുടെ ഇടപെടല്‍ ആരോപിക്കുന്ന രഹസ്യ ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ അനുമതി ആവശ്യമില്ലായിരുന്നുവെന്ന് നതാലിയ കോമണ്‍സ് പബ്ലിക് സേഫ്റ്റി കമ്മിറ്റിക്ക് മുമ്പാകെ പറഞ്ഞതായി 'ദ ഗ്ലോബ് ആന്‍ഡ് മെയില്‍' ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്തു.

കനേഡിയന്‍ വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണും നതാലിയയ്ക്കൊപ്പമുണ്ടായിരുന്നു. ഇന്ത്യയ്ക്കെതിരെ ആരോപണമുന്നയിച്ച പ്രധാനികളില്‍ ഒരാളാണ് ഡേവിഡ്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 13 ന് മുമ്പ് തന്നെ ഇത്തരം വിവരങ്ങള്‍ നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഒക്ടോബര്‍ 14 ന് ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കാനഡയും നടപടിയെടുത്തിരുന്നു. നിജ്ജാര്‍ വധം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നതിനും ഇടയാക്കിയിരുന്നു.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.