ബംഗളൂരു: ബിപിഎല്‍ സ്ഥാപക ഉടമയും പ്രമുഖ വ്യവസായിയുമായ ടി.പി.ജി നമ്പ്യാര്‍ അന്തരിച്ചു. 96 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ സ്വവസതിയില്‍ ആയിരുന്നു അന്ത്യം.
മുന്‍ കേന്ദ്ര മന്ത്രിയും പ്രമുഖ വ്യവസായിയുമായ രാജീവ് ചന്ദ്രശേഖര്‍ അദേഹത്തിന്റെ മരുമകനാണ്. 1963 ലാണ് ടി.പി.ജി നമ്പ്യാര്‍ ബ്രിട്ടീഷ് ഫിസിക്കല്‍ ലാബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഏറ്റെടുക്കുന്നത്. പ്രതിരോധ സേനകള്‍ക്കുള്ള പ്രിസിഷന്‍ പാനല്‍ മീറ്ററുകളുടെ നിര്‍മാണമാണ് ആദ്യം തുടങ്ങിയത്. പിന്നീട് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിര്‍മാണത്തിലേക്ക് തിരിഞ്ഞു. പിന്നീട് കമ്പനി ബി.പി.എല്‍ എന്ന് പുനര്‍നാമകരണം ചെയ്തു. 1990 കളില്‍ ബിപിഎല്‍ ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാണ രംഗത്തെ അതികായരായി വളര്‍ന്നു.
കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ അസംബിള്‍ ചെയ്തിരുന്ന ചെറുയൊരു സംരംഭത്തില്‍ നിന്നാണ് നമ്പ്യാരുടെ തുടക്കം. വിദേശ കമ്പനികളില്‍ അടക്കം ജോലി ചെയ്ത അനുഭവ പരിചയവുമായാണ് അദേഹം സ്വന്തം സംരംഭത്തിന് തുടക്കം കുറിച്ചത്. വളരെ വേഗം അദേഹം ഇന്ത്യയിലെ ടെലികോം-ഇലക്ട്രോണിക് ഉപകരണ നിര്‍മാണ രംഗത്ത് സാന്നിധ്യം ഉറപ്പിച്ചു.
1965 ലാണ് ഇംഗ്ലണ്ടിലെ ബിപിഎല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയിലും ബിപിഎല്‍ ഉല്‍പന്നങ്ങള്‍ നിര്‍മിച്ചു തുടങ്ങിയത്. മൂന്ന് ദശാബ്ദം കൊണ്ട് ഇന്ത്യയിലെ ഇലക്ട്രോണിക് ഉല്‍പന്ന മേഖലയില്‍ ബിപിഎല്‍ ഒന്നാം നിരയിലേക്ക് ഉയര്‍ന്നു. ജപ്പാനിലെ സാന്യോ അടക്കമുള്ള വമ്പന്‍ കമ്പനികളുമായി അദേഹം കൈകോര്‍ത്തിരുന്നു. 1998 ല്‍ 2500 കോടിയിലധികമായി കമ്പനിയുടെ വരുമാനം. കമ്പനിയുടെ ആസ്തികളും ഇക്കാലത്ത് കുതിച്ചുയര്‍ന്നു. 200 ഓളം ഉല്‍പന്നങ്ങള്‍ ഒരു കാലത്ത് ബിപിഎല്‍ വിപണിയില്‍ എത്തിച്ചിരുന്നു.
അജിത് നമ്പ്യാര്‍, അഞ്ജു ചന്ദ്രശേഖര്‍ എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം നാളെ ബംഗളൂരു കല്‍പ്പള്ളി ശ്മശാനത്തില്‍.