കാസര്‍കോട്: നീലേശ്വരം വെടിക്കെട്ടില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപ് (38) ആണ് മരിച്ചത്. 40 ശതമാനം പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു സന്ദീപ്. ശനിയാഴ്ച വൈകുന്നേരത്തോടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ ചാമുണ്ഡി തെയ്യത്തിന്റെ കളിയാട്ടത്തിനിടെയാണ് അപകടം ഉണ്ടായത്. പടക്കം പൊട്ടിക്കുന്നതിനിടെ കൂട്ടിവച്ച പടക്കങ്ങള്‍ക്ക് മുകളിലേക്ക് തീപൊരി വീഴുകയായിരുന്നു.
അപകടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 100 ലധികം ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. ചിലര്‍ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിച്ച പി രാജേഷ്, ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ഇവരെ ഉപാധികളോടെ ജാമ്യത്തില്‍ വിട്ടയച്ചു.