മാനന്തവാടി: മെഡിക്കല്‍ കോളജ് എന്ന വയനാടിന്റെ ആവശ്യം സാക്ഷാത്കരിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. ലോകത്തിന് മുന്നില്‍ വയനാട് തിളങ്ങുന്നതിനായി ഒരുമിച്ച് നില്‍ക്കാമെന്നും പ്രിയങ്ക പറഞ്ഞു.
അടിസ്ഥാനപരമായ പല പ്രശ്‌നങ്ങളും ജനത നേരിടുന്നുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. വിലക്കയറ്റം മൂലം സാധാരണക്കാരന്റെ നിത്യജീവിതം പ്രതിസന്ധിയിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ സാധാരണക്കാരുടെ പ്രശ്‌നങ്ങളിലല്ല. ജനങ്ങളുടെ സ്വത്ത് പിടിച്ചെടുത്ത് പ്രധാനമന്ത്രി വ്യവസായി സുഹൃത്തുക്കള്‍ക്ക് നല്‍കുകയാണെന്നും പ്രിയങ്ക പറഞ്ഞു.
അധികാരത്തില്‍ തുടരുക എന്ന ലക്ഷ്യത്തിനായി മോഡി രാജ്യത്തെ ജനങ്ങളുടെ ഇടയില്‍ വിദ്വേഷം പടര്‍ത്തുകയാണ്. ജനങ്ങളുടെ ഭൂമി, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയെല്ലാം മോഡി സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണെന്നും പ്രിയങ്ക പറഞ്ഞു.
പ്രിയങ്കയ്്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയും വേദിയിലെത്തിയിരുന്നു. മുന്നില്‍ നില്‍ക്കുന്ന ആളെ മനസിലാക്കിയാണ് പ്രിയങ്ക പ്രവര്‍ത്തിക്കുകയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആ മനുഷ്യന്‍ എന്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മനസിലാക്കാനാണ് പ്രിയങ്ക ശ്രമിക്കുക.
രാജ്യത്ത് നടക്കുന്നത് വിദ്വേഷവും സ്‌നേഹവും തമ്മിലുള്ള പോരാട്ടമാണ്. നരേന്ദ്ര മോഡിയെ പറ്റി പറഞ്ഞു പറഞ്ഞു ബോറടിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മാനന്തവാടി മേരി മാതാ കോളജ് ഗ്രൗണ്ടില്‍ രാവിലെ 10.30 ഓടെയായിരുന്നു ഇരുവരുമെത്തിയത്. മാനന്തവാടിയിലേയും മുക്കത്തേയും പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം രാഹുല്‍ ഗാന്ധി ഇന്ന് മടങ്ങും. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായി എത്തിയ പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെ കോര്‍ണര്‍ യോഗങ്ങളിലും പങ്കെടുക്കും.