തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പ്പശി ആറാട്ട് ഘോഷ യാത്രയ്ക്ക് വഴിയൊരുക്കുന്നതിനായി നവംബര്‍ ഒന്‍പതിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ അഞ്ച് മണിക്കൂര്‍ നിര്‍ത്തി വെയ്ക്കും. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്.
നവംബര്‍ ഒന്‍പതിന് വൈകുന്നേരം നാല് മുതല്‍ രാത്രി ഒന്‍പത് വരെ വിമാന സര്‍വീസുകള്‍ നിര്‍ത്തി വെയ്ക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിക്കുകയായിരുന്നു. ഫ്‌ളൈറ്റുകളുടെ പുതുക്കിയ സമയം ബന്ധപ്പെട്ട എയര്‍ലൈനുകളില്‍ ലഭ്യമാണെന്ന് അറിയിപ്പില്‍ പറയുന്നു.
ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഘോഷയാത്ര കടന്നുപോകാന്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ വര്‍ഷത്തില്‍ രണ്ടുതവണ അടച്ചിടാറുണ്ട്. കടപ്പുറത്തെത്തുന്ന രീതി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ചിരുന്നു. 1932 ല്‍ വിമാനത്താവളം സ്ഥാപിതമായ ശേഷവും ഈ ആചാരം തുടരുകയാണ്. പ്രദേശത്തിന്റെ സംസ്‌കാരവും പാരമ്പര്യവും അതേ നടപടി നിലനിര്‍ത്തുമെന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പറഞ്ഞു.
ഇവിടെ വിമാനത്താവളം നിര്‍മിക്കുമ്പോള്‍ വര്‍ഷത്തില്‍ 363 ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്നും രണ്ട് ദിവസം രാജകുടുംബത്തിന്റെ കുലദൈവമായ പദ്മാനഭന് തുറന്നുകൊടുക്കണമെന്നും അന്നത്തെ തിരുവിതാംകൂര്‍ രാജാവ് ശ്രീചിത്തിര തിരുനാള്‍ വ്യക്തമാക്കിയിരുന്നുവെന്നാണ് പറയപ്പെടുന്നത്.
വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷവും രാജഭരണ കാലത്തെ ആചാരം തുടരുകയാണ്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന അല്‍പ്പശി ഉത്സവം, മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന പൈങ്കുനി ഉത്സവം എന്നിവയ്ക്ക് റണ്‍വേ അടയ്ക്കുന്നതിന് മുമ്പ് എല്ലാ വര്‍ഷവും രണ്ട് തവണ വിമാനത്താവളം അറിയിപ്പ് നല്‍കാറുണ്ട്. കിഴക്കേക്കോട്ടയിലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് പത്മനാഭ സ്വാമിയെ വിമാനത്താവളത്തിന് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ശംഖുമുഖം കടലില്‍ ആചാരപരമായ ആറാട്ടിനെത്തുന്ന ചടങ്ങാണിത്.