കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കളിയാട്ടത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണം നാലായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19) ആണ് മരിച്ചത്.
അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ കഴിയുന്നതിനിടെയാണ് 19 കാരൻ മരണത്തിന് കീഴടങ്ങിയത്. 154 പേരാണ് പൊള്ളലേറ്റ് ചികിത്സ തേടിയത്. ഇതിൽ മൂന്ന് പേർ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്.
കേസിൽ ആദ്യ മൂന്ന് പ്രതികൾക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രതികൾക്കാണ് ഹോസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചത്. ഇവർക്ക് നേരെ വധശ്രമത്തിനും സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടെ ചുമത്തിയിരുന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളിൽ അഞ്ച് പേർ ഇപ്പോഴും ഒളിവിലാണ്.
തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപ്പൊരി വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്ര മതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. അനുമതിയും ലൈസൻസും ഇല്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് വെടിക്കെട്ട് നടത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്.
അതേസമയം സംഭവത്തില്‍ അറസ്റ്റിലായവരുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. ജാമ്യം നല്‍കിയ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡൂഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതിയുടെ വിധിയാണ് ജില്ലാ സെഷന്‍സ് കോടതി സ്റ്റേ ചെയ്തത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.