തൃശൂര്‍: കൊടകര കള്ളപ്പണക്കേസില്‍ ഹവാല ഏജന്റ് ധര്‍മ്മരാജന്റെ മൊഴി പുറത്ത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്കായി കര്‍ണാടകയില്‍ നിന്നും എത്തിച്ച കള്ളപ്പണം 41.40 കോടി രൂപയാണെന്ന് മൊഴിയില്‍ പറയുന്നു.
അതില്‍ കര്‍ണാടകയില്‍ നിന്നും നേരിട്ടെത്തിച്ചത് 14.40 കോടി രൂപയും മറ്റ് ഹവാല റൂട്ടുകള്‍ വഴി 27 കോടി രൂപയും കേരളത്തിലേക്ക് എത്തിച്ചു. കൊണ്ടു വന്ന പണത്തില്‍ രണ്ട് സ്ഥലത്തായി 7.90 കോടി രൂപ കവര്‍ച്ച ചെയ്യപ്പെട്ടു.
സേലത്ത് കവര്‍ന്നത് 4.40 കോടിയാണ്. കൊടകരയില്‍ കവര്‍ന്നത് 3.50 കോടി രൂപയുമാണ്. കേരളത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ആകെ വിതരണം ചെയ്തത് 33.50 കോടി രൂപയാണ്. കണ്ണൂരിലേക്ക് 1.40 കോടി നല്‍കിയെന്നും ധര്‍മ്മരാജന്റെ മൊഴിയിലുണ്ട്.
കാസര്‍കോട് ഒന്നര കോടി രൂപയാണ് നല്‍കിയത്, കോഴിക്കോട് ഒരു കോടി, ആലപ്പുഴ ഒന്നര കോടി എന്നിങ്ങനെ നല്‍കി. തൃശൂരിലെത്തിച്ചത് 12 കോടി രൂപയാണ്. 10 കോടി രൂപ തിരുവനന്തപുരത്ത് എത്തിച്ചിരുന്നതായും ധര്‍മ്മരാജന്‍ ആദ്യ അന്വേഷണ ഏജന്‍സിക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനൊപ്പം അമിത് ഷായെ കണ്ടിട്ടുണ്ടെന്ന് ധര്‍മ്മരാജന്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്.