വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ മരുമകള്‍ മീന ഹാരിസിന് വൈറ്റ് ഹൗസിന്റെ താക്കീത്. എഴുത്തുകാരിയും വസ്ത്ര സംരംഭകയുമായ മീന തന്റെ പ്രശസ്തിക്കുവേണ്ടി കമലാഹാരിസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം ദുരുപയോഗം ചെയ്യുന്നതായി വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി. കമലയുടെ പേര് ഉള്‍പ്പെടുത്തി വസ്ത്ര സംരംഭമായ 'ഫിനോമിനല്‍' പുറത്തിറത്തിറക്കിയ 'വൈസ് പ്രസിഡന്റ് ആന്റി' എന്ന് പ്രിന്റ് ചെയ്ത സ്വെറ്റ് ഷര്‍ട്ട് അനുവദനീയമല്ലെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കി.
പാലിക്കേണ്ട മര്യാദകളെ കുറിച്ച് ഫെഡറല്‍ അഭിഭാഷകര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നെങ്കിലും പുതിയ ഭരണാധികാരികളുടെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സ്വകാര്യ വിമാനത്തിലെത്തുകയും യാത്രയെ കുറിച്ച് മീനാ ഹാരിസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ചില കാര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാവില്ലെങ്കിലും കമലാ ഹാരിസിന്റെ അനന്തരവള്‍ പെരുമാറ്റത്തില്‍ മാറ്റം വരുത്തണമെന്നും കുറച്ചു കൂടി ശ്രദ്ധ ചെലുത്തണമെന്നുമാണ് വൈറ്റ് ഹൗസിന്റെ നിര്‍ദേശം.
കുട്ടികള്‍ക്ക് വേണ്ടിയുള്ള പുസ്തകങ്ങളുടെ രചയിതാവായ മീനയുടെ ഒരു പുസ്തകത്തിന്റെ പേര് തന്നെ 'കമല ആന്‍ഡ് മായാസ് ബിഗ് ഐഡിയ' എന്നാണ്. കമലയുടെ വൈറ്റ് ഹൗസ് പ്രവേശനത്തിന്റെ തലേ ദിവസം 'അമ്പിഷ്യസ് ഗേള്‍' എന്ന പുതിയ പുസ്തകവും പുറത്തിറങ്ങിയിരുന്നു. കറുത്ത വംശജയായ ഒരാള്‍ പ്രസിഡന്റ് പദവിയിലെത്തുന്ന ദിവസത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ പുസ്തകത്തിലും കമലാ ഹാരിസിന്റെ പ്രശസ്തി ഉപയോഗപ്പെടുത്തിയെന്നാണ് വൈറ്റ് ഹൗസിന്റെ കുറ്റപ്പെടുത്തല്‍.