കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം നെടുമ്പാല, എല്‍സ്റ്റോണ്‍ എസ്റ്റേറ്റുകളില്‍ നിന്ന് ഭൂമി ഏറ്റെടുക്കുന്നതാണ് ഹൈക്കോടതി വിലക്കിയത്.
നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും കല്‍പ്പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടറും ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനാണ് തിരിച്ചടി ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ എസ്റ്റേറ്റ് ഉടമകളായ ഹാരിസണ്‍സ് മലയാളവും എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റും നല്‍കിയ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നിര്‍ദേശം.
കേസ് നടപടികളില്‍ ഇരു കമ്പനികളുടെയും അര്‍ഹതയില്‍ തര്‍ക്കം ഉന്നയിച്ചുള്ള രണ്ട് ഉപഹര്‍ജികളും ഫയല്‍ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കോടതി ആവശ്യപ്പെട്ടാല്‍ എടുക്കുന്ന സ്ഥലത്തിന്റെ മൂല്യം കണക്കാക്കി നഷ്ടപരിഹാരത്തുക നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്.