'ഇത് കൃത്യമായ നാടകം'; അര്‍ധരാത്രി പരിശോധന സിപിഎം-ബിജെപി തിരക്കഥയെന്ന് ഷാഫി പറമ്പില്‍

'ഇത് കൃത്യമായ നാടകം'; അര്‍ധരാത്രി പരിശോധന സിപിഎം-ബിജെപി തിരക്കഥയെന്ന് ഷാഫി പറമ്പില്‍

പാലക്കാട്: കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ അര്‍ധരാത്രി നടന്ന പൊലീസ് പരിശോധന സിപിഎം-ബിജെപി ഒത്തുകളിയാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പോലും അറിയാതെ ആയിരുന്നു പരിശോധന. ഇത് കൃത്യമായ നാടകമാണെന്നും ഷാഫി ആരോപിച്ചു.

അതിക്രമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാട്ട് ഇന്ന് യുഡിഎഫ് പ്രതിഷേധ ദിനം ആചരിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ഉപതിരഞ്ഞെടുപ്പിനിടെ അനധികൃതമായി പണമെത്തിച്ചെന്ന് ആരോപിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനക്കിടെ പാലക്കാട്ട് സംഘര്‍ഷമുണ്ടായി.

വനിതാ നേതാക്കളുടെ മുറികളില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തി. എല്ലാ മുറികളിലും പരിശോധന വേണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടതോടെ രംഗം വഷളായി. പതിരാത്രിയില്‍ മൂന്നര മണിക്കൂറോളം നേരമാണ് ഹോട്ടലില്‍ നേതാക്കളും പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്.

കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയേ തീരുവെന്ന നിലപാടിലായിരുന്നു സിപിഎം, ബിജെപി പ്രവര്‍ത്തകരും നേതാക്കളും. ഷാഫി പറമ്പില്‍, വി.കെ ശ്രീകണ്ഠന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിശോധനയില്‍ എന്ത് കിട്ടിയെന്ന് പൊലീസ് എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധത്തിനൊടുവില്‍ ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് എഴുതി നല്‍കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.