കൊച്ചി: സ്വകാര്യ ബസുകള്‍ക്ക് 140 കിലോ മീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ബസ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. സ്‌കീം നിയമപരമല്ലെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം സര്‍വീസ് ദൂരം അനുവദിക്കാത്ത വിധം ഗതാഗത വകുപ്പ് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് നേരത്തേ ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിന് പിന്നാലെ താല്‍കാലിക പെര്‍മിറ്റ് നിലനിര്‍ത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.
ദീര്‍ഘദൂര റൂട്ടുകളില്‍ പെര്‍മിറ്റ് അനുവദിക്കണമെന്നത് സ്വകാര്യ ബസുടമകളുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു. കോടതി ഉത്തരവോടെ സ്വകാര്യ ബസുകള്‍ക്ക് 140 കിലോ മീറ്ററിലധികം ദൂരത്തില്‍ പെര്‍മിറ്റ് സ്വന്തമാക്കി സര്‍വീസ് നടത്താനാവും. ഇത് കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളെ അടക്കം ബാധിക്കും.