പാതിരാ റെയ്ഡ്; പാലക്കാട് യുഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും

പാതിരാ റെയ്ഡ്; പാലക്കാട് യുഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷം;  പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ അര്‍ധ രാത്രിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.

കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റു യുഡിഎഫ് പ്രവര്‍ത്തകരുമടക്കം നൂറുകണക്കിന് പേരെ അണിനിരത്തി പാലക്കാട് എസ്.പി ഓഫീസിലേക്കുള്ള മാര്‍ച്ച് സംഘര്‍ഷഭരിതമായി. എസ്പി ഓഫീസ് പരിസരത്ത് എത്തുന്നതിന് മുമ്പ് പൊലീസ് മാര്‍ച്ച് തടഞ്ഞു.

പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മാര്‍ച്ചില്‍ പൊലീസുകാര്‍ക്കെതിരെ മുദ്രാവാക്യം വിളി ഉയര്‍ന്നു. രാവിലെ 11.30 ഓടെയാണ് മാര്‍ച്ച് ആരംഭിച്ചത്.

മാര്‍ച്ചിന് മുന്നോടിയായി കോട്ട മൈതാനായില്‍ ആയിരങ്ങളാണ് ഒത്തുകൂടിയത്. തുടര്‍ന്ന് അഞ്ചുവിളക്കില്‍ നിന്ന് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു. പൊലീസിനെതിരെ കടുത്ത പ്രതിഷേധമാണ് യുഡിഎഫ് മാര്‍ച്ചിലൂടെ ഉയര്‍ത്തിയത്. 200 ലധികം പൊലീസുകാരെയാണ് എസ്.പി ഓഫീസ് പരിസരത്ത് വിന്യസിച്ചത്.

ഇന്നലെ അര്‍ധ രാത്രിയിലായിരുന്നു കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ പൊലീസ് റെയ്ഡ് നടത്തിയത്. പരിശോധനയെ തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട സംഘര്‍മാണ് ഉടലെടുത്തത്. തിരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് ഇന്നലെ അര്‍ധ രാത്രി പൊലീസ് സംഘം ഹോട്ടലില്‍ പരിശോധനക്കെത്തിയത്.

പൊലീസ് പരിശോധനയ്ക്കിടെ സിപിഎം, ബിജെപി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. പാതിരാത്രിയില്‍ മൂന്നര മണിക്കൂറോളം നേരമാണ് ഹോട്ടലില്‍ നേതാക്കളും പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്.

വനിതാ നേതാക്കളുടെ മുറികളില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും എല്ലാ മുറികളിലും പരിശോധന വേണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടതോടെ രംഗം വഷളായി.

ഹോട്ടലിലും പുറത്തും പലതവണ ഏറ്റുമുട്ടിയ പ്രവര്‍ത്തകരെ പൊലീസ് പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. ഷാഫി പറമ്പില്‍, വി.കെ ശ്രീകണ്ഠന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിശോധനയില്‍ എന്ത് കിട്ടിയെന്ന് പൊലീസ് എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടു.

തുടര്‍ന്ന് ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് എഴുതി നല്‍കി. എന്നാല്‍ റെയ്ഡ് തടസപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.