അമേരിക്കയിലെ അതിശൈത്യം; ആഗോള വിപണിയിൽ എണ്ണവില ഉയരുന്നു

അമേരിക്കയിലെ അതിശൈത്യം; ആഗോള വിപണിയിൽ  എണ്ണവില ഉയരുന്നു

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യമായ അമേരിക്കയിലെ ടെക്‌സാസിൽ എണ്ണ കിണറുകളും റിഫൈനറികളും അതികഠിനമായ തണുപ്പുമൂലം അടച്ചതിനാൽ എണ്ണവില ഉയർന്നു. സൗദി അറേബ്യയിലെ വിമാനത്താവളങ്ങളെ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമിച്ചതായി യെമെനിലെ ഹൂത്തി ഗ്രൂപ്പ് സ്ഥിതീകരിച്ചതോടെ എണ്ണ വിതരണ കേന്ദ്രങ്ങളിൽ ഉണ്ടായ ആശങ്കകളും എണ്ണ വില ഉയർത്തുവാൻ ഇടയാക്കി. കൂടാതെ കോവിഡ് വാക്സിനുകൾ ആരോഗ്യമേഖലയിൽ ഉണ്ടാക്കിയ ശുഭാപ്തിവിശ്വാസവും എണ്ണ വിലയിൽ പ്രതിഫലിച്ചു തുടങ്ങി.

ചൊവ്വാഴ്ച ആഗോളവിപണിയിൽ ബ്രെൻറ് ക്രൂഡ് 35 സെൻറ് അഥവാ 0.6 ശതമാനം ഉയർന്ന് ബാരലിന് 63.65 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 82 സെൻറ് അഥവാ 1.4 ശതമാനം ഉയർന്ന് ബാരലിന് 60.29 ഡോളറിലെത്തി. യുഎസ് ഫെഡറൽ അവധി ദിവസമായതിനാൽ ഡബ്ല്യുടി‌ഐ തിങ്കളാഴ്ച സെറ്റിൽ ചെയ്തില്ല. ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ വിലകൾ നിശ്ചയിക്കും.

അമേരിക്കയിലെ തണുത്ത കാലാവസ്ഥ മൂലം തിങ്കളാഴ്ച ടെക്സസ് എണ്ണ കിണറുകളും ശുദ്ധീകരണശാലകളും നിർത്തുകയും പ്രകൃതിവാതകത്തിനും ക്രൂഡ് പൈപ്പ്ലൈൻ ഓപ്പറേറ്റർമാർക്കും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. അപ്രതീക്ഷിതമായ പ്രതികൂല കാലാവസ്ഥ നിമിത്തം യുഎസ് എണ്ണ വിതരണ ശൃംഖലയ്ക്ക് നേരിട്ട തടസ്സം മറ്റൊരു ഹ്രസ്വകാല വില വീണ്ടെടുക്കലിലേയ്ക്ക് നയിക്കുമെന്ന് കരുതുന്നതായി നിരീക്ഷകർ പറയുന്നു.

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തിങ്കളാഴ്ച അടിയന്തര ഉപയോഗത്തിനായി ആസ്ട്രാസെനെക്ക- ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് -19 വാക്സിൻ ലിസ്റ്റ് ചെയ്തത് വഴി വികസ്വര രാജ്യങ്ങളിൽ താരതമ്യേന വില കുറഞ്ഞ വാക്സിൻ ലഭിക്കുവാനുള്ള സാഹചര്യം ഉളവായി. ഈ സാഹചര്യങ്ങളെല്ലാം ആഗോള എണ്ണ വിപണിയെ സ്വാധീനിക്കുകയും വില വർധിപ്പിക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.