കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട ദുരിത ബാധിതര്‍ക്ക് ഭക്ഷ്യയോഗ്യമല്ലാത്ത കിറ്റുകള്‍ നല്‍കിയതായി പരാതി. റവ, അരി, ഗോതമ്പ് ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ പുഴുവരിച്ച നിലയിലാണെന്ന് ദുരിത ബാധിതര്‍ വ്യക്തമാക്കി.
മേപ്പാടി പഞ്ചായത്താണ് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തത്. എന്നാല്‍ റവന്യൂ വകുപ്പില്‍ നിന്നും മറ്റും ലഭിച്ച ഭക്ഷ്യവസ്തുക്കളാണ് ദുരിത ബാധിതര്‍ക്ക് നല്‍കിയതെന്നാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്.
സംഭവത്തില്‍ പ്രതിഷേധവുമായി ദുരിത ബാധിതര്‍ പഞ്ചായത്ത് ഓഫീസിലെത്തി. വളര്‍ത്തു മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ സാധിക്കാത്ത ഭക്ഷ്യ വസ്തുക്കളാണ് നല്‍കിയതെന്നും ഉപയോഗിച്ച വസ്ത്രങ്ങളും നല്‍കുന്നുണ്ടെന്ന് ദുരിത ബാധിതര്‍ വ്യക്തമാക്കി. പുഴുവരിച്ച ഭക്ഷണ കിറ്റുകള്‍ ഉദ്യോഗസ്ഥരുടെ ഓഫിസുകളിലേക്ക് എറിഞ്ഞ് ദുരിത ബാധിതര്‍ പഞ്ചായത്ത് ഉപരോധിച്ചു.