കോഴിക്കോട്: മുനമ്പം ഭൂമി പ്രശ്‌നത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. മുനമ്പത്ത് ഉള്ളവരുടെ ഭൂനികുതി സ്വീകരിക്കുന്നത് നിര്‍ത്തിയത് എന്തിനാണെന്ന് അദേഹം ചോദിച്ചു. മുനമ്പത്തെ ജനങ്ങള്‍ക്കൊപ്പമാണെന്ന് പറയുന്ന മുഖ്യമന്ത്രി വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നതിനെയും ജാവദേക്കര്‍ വിമര്‍ശിച്ചു.
വഖഫ് ഭേദഗതി നിയമം വന്നാല്‍ മുനമ്പത്ത് ഉള്ളവര്‍ക്ക് സഹായമാകും. പിന്നെ എന്തിനാണ് കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും എതിര്‍ക്കുന്നത്. വഖഫ് ഭേദഗതി ബില്ലിനെതിരെ സംയുക്ത പ്രമേയം പാസാക്കിയവരാണ് എല്‍.ഡി.എഫും യു.ഡി.എഫും. രണ്ട് മുന്നണികളുടെയും പ്രീണന രാഷ്ട്രീയമാണ് സംയുക്ത ബില്ലിന് കാരണം. മുനമ്പത്തുള്ളവരുടെ കൂടെയാണോ ഭരണ പക്ഷവും പ്രതിപക്ഷവുമെന്നും ബില്ലിന് അനുകൂലമായി നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ തയ്യാറുണ്ടോ എന്നും ജാവദേക്കര്‍ ചോദിച്ചു.
ഇത് ഒരു ഹിന്ദു - മുസ്ലിം പ്രശ്‌നമല്ല. മുനമ്പം വിഷയത്തെ മതവത്കരിക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദേഹം പറഞ്ഞു. ഭൂമി വിഷയത്തില്‍ പ്രിയങ്കാ ഗാന്ധി പ്രതികരിക്കണമെന്നും ജാവദേക്കര്‍ ആവശ്യപ്പെട്ടു. ഉപതിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അനുകൂലമാണ് പാലക്കാട്ടും ചേലക്കരയിലും ബി.ജെ.പി വിജയിക്കും. വയനാട്ടില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ കോഴിക്കോട്ട് പറഞ്ഞു.