'മഞ്ഞപ്പെട്ടി, നീലപ്പെട്ടി പറഞ്ഞ് കണ്ണില്‍ പൊടി ഇടാതെ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യൂ'; ട്രോളി വിവാദം തള്ളി സിപിഎം നേതാവ്

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി പറഞ്ഞ് കണ്ണില്‍ പൊടി ഇടാതെ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യൂ'; ട്രോളി വിവാദം തള്ളി സിപിഎം നേതാവ്

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന് ആരോപിക്കുന്ന ട്രോളി വിവാദം തള്ളി സിപിഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ്. മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടാതെ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അദേഹം പറഞ്ഞു. മുന്‍ എംഎംഎല്‍എ എം. നാരായണന്റെ ചരമ വാര്‍ഷിക അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.

ആ വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച് വിജയിച്ചു വരാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടതെന്നും സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ എന്‍.എന്‍ കൃഷ്ണദാസ് പറഞ്ഞു. ട്രോളിയില്‍ പണമുണ്ടോ ഇല്ലയോ എന്നത് പാര്‍ട്ടികളല്ല പൊലീസാണ് നോക്കേണ്ടത്. മന്ത്രി എം.ബി രാജേഷ് എന്തിനാണ് ട്രോളി വിവാദം ഉന്നയിക്കുന്നതെന്ന് അദേഹത്തോട് ചോദിക്കണം. ജില്ലാ സെക്രട്ടറി കേസിന് പോകുമെന്ന് കരുതുന്നില്ല എന്നും എന്‍.എന്‍ കൃഷ്ണദാസ് പറഞ്ഞു.

ട്രോളി വിവാദം അനാവശ്യമാണ്. പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണം. പാലക്കാട് രാഷ്ട്രീയം ചര്‍ച്ച ചെയ്താല്‍ കോണ്‍ഗ്രസും ബിജെപിയും തോല്‍ക്കും. ട്രോളി വിവാദം കഴിഞ്ഞു. ജനകീയ വിഷയങ്ങളിലേക്ക് ചര്‍ച്ച മാറണം. കോണ്‍ഗ്രസിന്റെ ട്രാപ്പില്‍ തലവച്ചു കൊടുക്കരുത്. സഖാക്കള്‍ വരും ദിവസങ്ങളില്‍ ഇക്കാര്യം ഓര്‍മ്മിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

എല്ലാവരുടേയും ശ്രദ്ധ പെട്ടിയലല്ലേ ഇപ്പോഴെന്ന് എം.വി ഗോവിന്ദന്‍ രാവിലെ പ്രതികരിച്ചിരുന്നു. രാഹുല്‍ കയറിപ്പോയ വാഹനവും പെട്ടി കയറ്റിപ്പോയ വാഹനവും വേറെയാണ് എന്ന കാര്യം പുറത്തുവന്നതോടെ ചിത്രം മാറിയില്ലേയെന്ന് എം.വി ഗോവിന്ദന്‍ ചോദിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ കള്ളപ്പണത്തിന്റെ പേരില്‍ പൊലീസ് നടത്തിയ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകവും കൂടിച്ചേര്‍ന്നതാണ്. പരിശോധന എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.