പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. നിലവിലെ എസ്ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണമെന്നും കുടുംബം കോടതിയെ ബോധ്യപ്പെടുത്തും.
ഇന്നലെ പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞത്. അതിനിടെ തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ജുഷ അപേക്ഷ നല്‍കി. കൂടിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല താന്‍ ഇപ്പോള്‍. കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റി നല്‍കണമെന്നാണ് മഞ്ജുഷയുടെ ആവശ്യം.
കോന്നി തഹസില്‍ദാരായ മഞ്ജുഷ നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് അവധിയിലാണ്. അടുത്ത മാസം തിരികെ ജോലിയില്‍ പ്രവേശിക്കാനിരിക്കേയാണ് അപേക്ഷ നല്‍കിയത്.