നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിലെ വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. കിണാവൂർ സ്വദേശി രജിത്താണ് മരിച്ചത്. ഇതോടെ നീലേശ്വരം വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. മംഗളൂരു എ ജെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂരിലെ മുണ്ടോട്ട് കുഞ്ഞിരാമൻ -ഉഷ ദമ്പതികളുടെ മകൻ രജിത്ത് (28) ആണ് മരണത്തിന് കീഴടങ്ങിയത്.
കാസർകോട് കെഎസ്ഇബിയിൽ ഡ്രൈവറായിരുന്നു രജിത്ത്. രജിത്തിന്റെ സുഹൃത്തുക്കളായ കരിന്തളം മഞ്ഞളംകാട്ടെ ബിജു, കിണാവൂർ സ്വദേശികളായ രതീഷ്, സന്ദീപ് എന്നിവർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സുഹൃത്തുക്കളായിരുന്ന ഇവർ ഒരുമിച്ചാണ് തെയ്യം കെട്ടിന് പോയത്. ഇവർക്ക് പുറമെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തുരുത്തി ഓർക്കളത്തെ ശാബിൻ രാജും (19) ഞായറാഴ്ച രാത്രി മരിച്ചിരുന്നു. ഗോപികയാണ് രജിത്തിന്റെ ഭാര്യ. ഒരു വയസുള്ള കുഞ്ഞുണ്ട്.