കല്‍പ്പറ്റ/ചേലക്കര: സംസ്ഥാനത്ത് വയനാട്, ചേലക്കര എന്നിവടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വീണ്ടും മണ്ഡലത്തിലെത്തി.
മാനന്തവാടിയില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിയ പ്രിയങ്കയെ നേതാക്കള്‍ സ്വീകരിച്ചു. ആറിടങ്ങളില്‍ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങി. നാളെ പ്രിയങ്കയ്ക്ക് ഒപ്പം രാഹുല്‍ ഗാന്ധിയും കലാശക്കൊട്ടില്‍ പങ്കെടുക്കും. കല്‍പറ്റയിലും തിരുവമ്പാടിയിലുമാണ് ഇരുവരും കലാശക്കൊട്ടില്‍ പങ്കെടുക്കുക.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി ഇന്ന് മാനന്തവാടി നിയമസഭാ മണ്ഡലത്തിലാണ് പ്രചാരണം നടത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലായിരുന്നു പ്രചാരണം.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രണബ് ജ്യോതിനാഥ് ജില്ലയിലെത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടിങിനുള്ള അവസരം ഇന്ന് വൈകുന്നേരം ആറ് മണി വരെയാണ്.
അവസാന ലാപ്പില്‍ ചേലക്കരയിലും മുന്നണികള്‍ ശക്തമായ പ്രചാരണത്തിലാണ്. ഇടത് മുന്നണിക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് യോഗങ്ങളില്‍ പങ്കെടുത്തു. പ്രതിപക്ഷനേതാവ് വി.ഡി സതീശനും വിവിധ പ്രചാരണ യോഗങ്ങളില്‍ സംബന്ധിച്ചു.
പരസ്യ പ്രചാരണം അവസാനിക്കുന്ന നാളെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ചേലക്കരയിലെത്തും. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കായി നാളെ കേന്ദ്രമന്ത്രി സുരേഷ് ഗോപി മണഡലത്തിലെത്തും.